ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ആനന്ദപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡിന്റെ നിർമ്മാണം 1.79 കോടി രൂപ ചിലവിൽ …
ഇരിങ്ങാലക്കുട: ലോകം ഉറ്റുനോക്കുന്ന വിധത്തിൽ പ്രത്യാശയുടെ കേന്ദ്രമായി കേരളത്തിന്റെ ആരോഗ്യമേഖലയെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്ന മികച്ച പ്രവർത്തനങ്ങളുടെ തുടർച്ച ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിക്കുന്ന ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ഐസൊലേഷൻ വാർഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യരംഗത്ത് അത്ഭുതാവഹമായ മുന്നേറ്റമാണ് നാം കാഴ്ചവയ്ക്കുന്നതെന്നും പൊതുജനാരോഗ്യ സംവിധാനങ്ങളൊക്കെ തന്നെ സ്വകാര്യ ആശുപത്രികളേക്കാൾ ഒരുപാട് മികച്ച രീതിയിൽ മാറിയിരിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. നമ്മുടെ ആരോഗ്യ കേന്ദ്രങ്ങളെ സജീവമാക്കിക്കൊണ്ട് സാധാരണ മനുഷ്യരുടെ ആരോഗ്യപരമായ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാൻ കഴിയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എംഎൽഎ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വകയിരുത്തി 1.79 കോടി രൂപ ചെലവിലാണ് മണ്ഡലത്തിൽ ഐസൊലേഷൻ വാർഡ് നിർമിക്കുന്നത്. ഈ ഐസൊലേഷൻ വാർഡ് ഭാവിയിൽ ഇൻപേഷ്യന്റ് വിഭാഗമായും പ്രവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലത ചന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, മറ്റ് ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.