പിന്നോക്ക വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയർത്തുക പ്രഥമ പരിഗണന: മന്ത്രി ആർ ബിന്ദു ; കാറളം നന്തി ഐ എച്ച്ഡിപി കോളനിയിൽ വികസനപദ്ധതികൾ പൂർത്തിയായി …
ഇരിങ്ങാലക്കുട: പിന്നോക്ക വിഭാഗങ്ങളെ മുഖ്യധാരയിലേയ്ക്കും നേതൃനിരയിലേയ്ക്കും കൊണ്ടുവരിക എന്നത് പ്രഥമ പരിഗണന നൽകേണ്ട വിഷയമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു.
പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങളുടെ ആവാസ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നതാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കാറളം, നന്തി ഐഎച്ച്ഡിപി കോളനി അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായുള്ള സമഗ്ര വികസന പദ്ധതി പൂർത്തീകരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. അതിന്റെ തുടർച്ചയായി പുതിയ തലമുറയിലെ കുട്ടികൾക്ക് വിവിധ കർമ്മ മേഖലകളിൽ ഉയരങ്ങളിലെത്താനായി. പട്ടികജാതി, പട്ടികവർഗ സമൂഹങ്ങൾക്ക് കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയിൽ 33 ലക്ഷം രൂപ ചെലവഴിച്ച് 28 വീടുകൾ
ഭവന പുനരുദ്ധാരണം നടത്തി. ഇതോടൊപ്പം അങ്കണവാടി പുനരുദ്ധാരണം, റോഡ് കോൺക്രീറ്റിംഗ്, കൽവർട്ട് മെയിന്റനൻസ് തുടങ്ങിയവ പൂർത്തിയാക്കിയതായി പദ്ധതി അവതരണം നടത്തി പട്ടികജാതി വികസന ഓഫിസർ പ്രീത കെ പി അറിയിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ അധ്യക്ഷയായി. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുനിത മനോജ്, കിഷോർ ടി പി, കാർത്തിക ജയൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.