അതിദാരിദ്ര്യനിർമ്മാർജ്ജനപദ്ധതിയുടെ രണ്ടാം ഘട്ട നടപടികളിലേക്ക് ഇരിങ്ങാലക്കുട നഗരസഭ; ഗുണഭോക്താക്കൾക്കായി മൂന്നു വർഷത്തേക്ക് നടപ്പിലാക്കുന്നത് 94 ലക്ഷം രൂപയുടെ പദ്ധതികൾ ….
ഇരിങ്ങാലക്കുട: അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് അതി ദാരിദ്ര്യം ഇല്ലാതാക്കാനുളള സർക്കാർ ലക്ഷ്യം മുൻനിറുത്തിള്ള അതിദാരിദ്ര്യനിർമ്മാർജ്ജനപദ്ധതിയുടെ നടത്തിപ്പിലേക്ക് ഇരിങ്ങാലക്കുട നഗരസഭ. വിപുലമായ സർവേകളുടെ അടിസ്ഥാനത്തിൽ നഗരസഭ പരിധിയിലെ 41 വാർഡുകളിൽ നിന്നായി 197 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത് . സ്വന്തമായി വരുമാനം ഇല്ലാത്തവരും ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവരും പരസഹായം ആവശ്യമുള്ള കിടപ്പ് രോഗികളുമാണ് വാർഡ് തല സമിതികളും കൗൺസിലും അംഗീകരിച്ച ലിസ്റ്റിലുള്ളത്. പത്ത് ലക്ഷം രൂപയാണ് 2022 – 23 വർഷത്തിൽ 10 ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിനായി നീക്കി വച്ചിരിക്കുന്നത്. മൂന്ന് വർഷത്തേക്കായി 94 ലക്ഷം രൂപയാണ് ചിലവഴിക്കുക. ഇവരിൽ വീടില്ലാത്ത വർക്ക് വീടുകൾ നിർമ്മിച്ച് നല്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.പൊതു ജനങ്ങളിൽ നിന്ന് ഫണ്ട് കണ്ടെത്തുന്നതിനായി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾക്കാവശ്യമായ ഭക്ഷണം, മരുന്ന്, പെൻഷൻ , കിടപ്പ് രോഗികൾക്ക് ആവശ്യമായ പാലിയേറ്റീവ് സഹായം , റേഷൻ, ആധാർ കാർഡുകൾ ഉറപ്പുവരുത്താനുള്ള നടപടികൾ എന്നിവ ആദ്യഘട്ടത്തിൽ സ്വീകരിക്കും. വാർഡ് തലത്തിലുളള നടത്തിപ്പിൽ കൗൺസിലർമാരുടെ നേത്യത്വത്തിൽ ആശാവർക്കർമാരും ഗുണഭോക്താക്കളുടെ വീടുകൾ സന്ദർശിക്കാനും ആവശ്യങ്ങൾ നേരിട്ടറിയാനും രംഗത്തുണ്ട്. ഗുണഭോക്താക്കളുടെ ആരോഗ്യ സംബന്ധമായ അവസ്ഥകൾ നേരിട്ട് രേഖപെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അലോപ്പതി, ആയുർവേദം , ഹോമിയോ ഡോക്ടർമാരുടെ നേത്യത്വത്തിൽ ടൗൺ ഹാളിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ 122 ഗുണഭോക്താക്കൾ പങ്കെടുത്തു.