അപൂർവ ശേഖരവുമായി ക്രൈസ്റ്റ് കോളജിൽ ഭൗമചരിത്ര മ്യൂസിയം ; മ്യൂസിയത്തിൽ അഞ്ഞൂലധികം ശിലകളും ഫോസിലുകളും …

അപൂർവ ശേഖരവുമായി ക്രൈസ്റ്റ് കോളജിൽ ഭൗമചരിത്ര മ്യൂസിയം ; മ്യൂസിയത്തിൽ അഞ്ഞൂലധികം ശിലകളും ഫോസിലുകളും …

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ ജിയോളജി മ്യൂസിയവും ക്യാമ്പസിലെ ജൈവവൈവിധ്യങ്ങളുടെ ഡേറ്റാബേസ് ആയ ക്യാമ്പ് ജിസ്സും (CAMP-GIS) വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി തുറന്നുകൊടുത്തു. കേന്ദ്ര ഊർജ സഹമന്ത്രി ഭഗവന്ത് ഖുബയാണ് ഉദ്ഘാടനം നിർവഹിച്ചത്.

 

ക്രൈസ്റ്റ് കലാലയത്തിൽ ചാവറ ബ്ലോക്കിലാണ് നാച്ചുറൽ ജിയോളജി മ്യൂസിയം സ്ഥിതിചെയ്യുന്നത്. അഞ്ഞൂറിലധികം ശിലകളും ധാതുക്കളും ഫോസിലുകളും മൂല്യങ്ങളും കൊണ്ട് സമ്പന്നമാണ് മ്യൂസിയം. കോടാനുകോടി വർഷം പഴക്കമുള്ളതും വംശനാശം സംഭവിച്ചതുമായ സമുദ്രജീവികൾ, ജൈവാവശിഷ്ടങ്ങൾ, ഉൽക്ക ശകലങ്ങൾ, അപൂർവ്വ ധാതുക്കൾ തുടങ്ങി നിരവധി ആകർഷകമായ ശേഖരമാണ് മ്യൂസിയത്തിൽ ഉള്ളത്. വജ്രം കാണപ്പെടുന്ന ആഗ്നേയ ശിലയായ കിമ്പർലൈറ്റ്, വിഗ്രഹങ്ങൾ കൊത്തുന്ന കൃഷ്ണശില, അവസാദ ശിലയായ മണൽക്കല്ലുകൾ, ചുണ്ണാമ്പ് കല്ലുകൾ, കായാന്തരിത ശിലയായ വെണ്ണ കല്ലുകൾ, നവരത്നങ്ങളിൽ പെട്ട മരതകം, ഇന്ദ്രനീലം, വൈഡൂര്യം, മാണിക്യം, നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ധാതുക്കളായ കൽക്കരി, ബോക്സൈറ്റ്, ആസ്ബറ്റോസ്, മാഗ്നെറ്റ്, ഹേമറ്റൈറ്റ്, അസൂറൈറ്റ് എന്നിവയുടെ ശേഖരം മൂസിയത്തിൽ ഉണ്ട്. കൂടാതെ പുരാവസ്തു ഖനനം നടക്കുന്ന മതിലകം -പട്ടണം പ്രദേശത്തുനിന്നും ലഭിച്ച ക്രിസ്തുവിനു മുമ്പ് അഞ്ചാം നൂറ്റാണ്ട് മുതലുള്ള ഒട്ടേറെ മുത്തുകൾ, മൺകുട ശകലങ്ങൾ എന്നിവയും ഈ ഭൗമചരിത്ര മ്യൂസിയത്തിൻ്റെ ശേഖരത്തിൽ ഉണ്ട്. മ്യൂസിയത്തോട് ചേർന്നുള്ള റോക്ക് ഗാർഡനും പൊതുജന ശ്രദ്ധയാകർഷിക്കുന്നു. ഇന്ത്യയുടെ പല ഭാഗത്തുനിന്നുള്ള കല്ലുകളുടെ വിപുല ശേഖരമാണ് റോക്ക് ഗാർഡനിൽ ഉള്ളത്.

ക്രൈസ്റ്റ് ക്യാമ്പസിലെ ജൈവ വൈവിധ്യങ്ങളുടെ വിശദാംശങ്ങൾ അടങ്ങിയതാണ് ക്യാമ്പ് – ജിസ് ഡാറ്റാബേസ്. ക്യാമ്പസിലെ സസ്യജാലത്തിൻ്റെ സമ്പൂർണ വിവരവും സ്ഥാനവും നിർണയിച്ച് ശേഖരിച്ചിരിക്കുന്നു ക്യാമ്പ് – ജിസ്സിൽ. അനുബന്ധമായി കൊടുത്തിരിക്കുന്ന കോഡ് സ്കാൻ ചെയ്താൽ ലഭിക്കുന്ന രീതിയിലാണ് വിവരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

ഉദ്ഘാടന യോഗത്തിൽ മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പള്ളി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ഡോ. ജോളി ആൻഡ്രൂസ്, ജിയോളജി വകുപ്പ് മേധാവി ഡോ. ലിൻ്റോ ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

Please follow and like us: