കൊരട്ടിയുടെ വികസന മാതൃക പഠിക്കാൻ തമിഴ്നാട് സംഘം
ചാലക്കുടി: കൊരട്ടി പഞ്ചായത്തിൻ്റെ വികസന മാതൃകകൾ പഠിക്കാൻ തമിഴ്നാട് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സംഘം എത്തി. തമിഴ്നാട്ടിലെ 37 ജില്ലകളിൽ നിന്നുള്ള പഞ്ചായത്തുകളിലെ പ്രസിഡൻ്റുമാരുടെ സംഘമാണ് സന്ദർശനം നടത്തിയത്. ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പദ്ധതികളുടെ വിവിധ തലങ്ങൾ സംഘം മനസിലാക്കി.
കൊരട്ടിയുടെ മികച്ച പദ്ധതികളായ ഹരിതകർമ്മ സേനയുടെ പ്രവർത്തനം, മാലിന്യ സംസ്ക്കരണ പ്ലാൻ്റ്, ടേക്ക് എ ബ്രേക്ക്, ജലസംരക്ഷണം, ഗ്യാസ് ക്രിമിറ്റോറിയം, ഹൈടെക്ക് അങ്കണവാടി, കൊരട്ടി പഞ്ചായത്ത് സ്കൂൾ, സ്മാർട്ട് ക്ലാസ് മുറികൾ, ജലസംഭരണ കുളങ്ങൾ, സോളാർ സംവിധാനം തുടങ്ങിയവ സംഘം വിലയിരുത്തി. കൊരട്ടി പഞ്ചായത്ത് നടപ്പിലാക്കുന്ന ഇ- അസറ്റ് പദ്ധതി, എല്ലാ വീടുകളിൽ നിന്നും ഓരോ അംഗങ്ങളെ പ്രത്യേകിച്ച് വയോജനങ്ങളെ ഇ-ഗവേണൻസ് സേവനങ്ങൾ വേഗത്തിൽ ഉപയോഗപ്പെടുത്താൻ പരിശീലിപ്പിക്കുന്ന പദ്ധതി എന്നിവയും സംഘം പഠന വിധേയമാക്കി.
തമിഴ്നാട് പഞ്ചായത്ത് അഡിഷ്ണൽ ഡയറക്ടർ എൻ എ മധുമിത, കെ എസ് സൂര്യപ്രിയ, എക്സിക്യൂട്ടീവ് എൻജിനിയർ താർ മലിംഗം എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു, വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, സ്ഥിരം സമിതി ചെയർമാൻമാരായ കെ ആർ സുമേഷ്, നൈനു റിച്ചു, കുമാരി ബാലൻ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ സെക്രട്ടറി എൻ കെ ജ്യോതിഷ്കുമാർ, കില ഫാക്കൽറ്റി അംഗം കെ ഐശ്യര്യ തുടങ്ങിയവർ സംഘത്തെ സ്വീകരിച്ചു.