സമകാലീന കേരളത്തെ അടയാളപ്പെടുത്തി ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവത്തിൽ സ്റ്റിൽ മോഡൽ ; യുപി വിഭാഗത്തെ ഇനത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം …

സമകാലീന കേരളത്തെ അടയാളപ്പെടുത്തി ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവത്തിൽ സ്റ്റിൽ മോഡൽ ; യുപി വിഭാഗത്തെ ഇനത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം …

ഇരിങ്ങാലക്കുട: സമകാലീന കേരളത്തെ അടയാളപ്പെടുത്തിയുള്ള ദൃശ്യം ഉപജില്ല ശാസ്ത്രോൽസവത്തിന്റെ ആദ്യദിനത്തിലെ ശ്രദ്ധേയമായ കാഴ്ചകളിലൊന്നായി. വിഴിഞ്ഞം പദ്ധതിയും മഴവെള്ളസംഭരണിയും ക്വാറിയും കാറ്റാടിപ്പാടവും ഫ്ളാറ്റും മണൽ വാരലും കൃഷിയിടങ്ങൾ മണ്ണിട്ട് നികത്തലും ഫാക്ടറികളും വനസംരക്ഷണവും ലഹരിയുടെ ലോകവും തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളുമെല്ലാം അടങ്ങിയ നിശ്ചലദൃശ്യം നവകേരളം സൃഷ്ടിക്കുമെന്ന് പറയുന്ന ഭരണകൂടത്തിനുള്ള സന്ദേശം കൂടിയായി. സ്റ്റിൽ മോഡൽ യുപി വിഭാഗത്തെ പ്രതിനിധീകരിച്ച് പുതുക്കാട് സെന്റ് സേവ്യേഴ്സ് സിയുപിഎസ് സ്കൂളിൽ നിന്നുള്ള ആഞ്ജോ സി എസ് , ദേവനന്ദ എന്നീ കുരുന്നുകളാണ് ദൃശ്യം ഒരുക്കിയത്. വിഴിഞ്ഞം പദ്ധതിയെക്കാൾ ആവാസ വ്യവസ്ഥക്കാണ് പ്രാധാന്യം നല്കേണ്ടതെന്നും വരുമാനം വർധിപ്പിക്കാൻ ബദൽ മാർഗ്ഗങ്ങൾ ഉണ്ടെന്നും ഇരുവരും വ്യക്തമാക്കുന്നുണ്ട്. രണ്ടാഴ്ച കൊണ്ടാണ് മോഡലിന്റെ നിർമ്മാണം പൂർത്തിയായതെന്നും സ്കൂളിലെ അധ്യാപകരും കൂട്ടുകാരും സഹായിച്ചുവെന്നും ഇരുവരും പറഞ്ഞു. ” നവകേരളത്തിനായി കൈകോർക്കാം” എന്ന ശീർഷകവുമായി പ്രദർശിപ്പിച്ച മോഡലിന് എ ഗ്രേഡോട് കൂടിയ ഒന്നാം സ്ഥാനവും തേടിയെത്തി. ഭൂപരിഷ്ക്കരണം , നവമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളിൽ , ആഗോളതാപനം , ശിലായുഗം, സോളാർ വ്യവസ്ഥ, സുസ്ഥിര വികസനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള മോഡലുകളും മൽസരത്തിൽ നിറഞ്ഞു. 23 സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണ് യുപി വിഭാഗത്തിൽ പങ്കെടുത്തത്.

Please follow and like us: