മണ്ഡലത്തിലെ നാടകവേദികൾ വീണ്ടും സജീവമാകുന്നു ; പുല്ലൂർ നാടക രാവിന് കൊടിയേറ്റി; ഇരിങ്ങാലക്കുട ടൗൺ ഹാളിൽ അരങ്ങേറുന്നത് അഞ്ച് പ്രൊഫഷണൽ നാടകങ്ങൾ അടക്കം പതിനൊന്ന് നാടകങ്ങൾ ….
ഇരിങ്ങാലക്കുട: മഹാമാരിയെ തുടർന്നുള്ള വർഷങ്ങളുടെ ഇടവേളക്ക് ശേഷം മണ്ഡലത്തിലെ നാടകവേദികൾ വീണ്ടും സജീവമാകുന്നു. പട്ടണത്തിന്റെ അതിരുകൾ വിട്ട് പുല്ലൂർ കേന്ദ്രീകരിച്ച് കാൽനൂറ്റാണ്ടായി നാടകസംസ്കാരത്തെ അടയാളപ്പെടുത്താൻ പ്രവർത്തിച്ച പുല്ലൂർ ചമയം നാടകവേദിയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 24 മുതൽ 29 വരെ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ശ്രദ്‌ധ നേടിയ ആറ് നാടകങ്ങൾ അരങ്ങേറും. ജില്ലാ പഞ്ചായത്ത് ,പുരോഗമനകലാസാഹിത്യ സംഘം , പൂല്ലൂർ വാദ്യകലാ കേന്ദ്രം എന്നിവയുമായി സഹകരിച്ചാണ് സംസ്ഥാന പ്രൊഫഷണൽ നാടകമേള അരങ്ങേറുന്നത്. അഞ്ച് പ്രൊഫഷണൽ നാടകങ്ങൾ അടക്കം പതിനൊന്ന് നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. നാടകാവതരണങ്ങൾക്ക് പുറമേ സെമിനാറുകൾ ,വയലാർ ചലചിത്രഗാന മൽസരം, കവിയരങ്ങ്, പഞ്ചാരിമേളം, സോപാന സംഗീതം, മോഹിനിയാട്ടം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നാടക വേദിയുടെ രക്ഷാധികാരിയും മുൻ എംപിയുമായ പ്രൊഫ. സാവിത്രി ലക്ഷ്മണൻ നാടകരാവിന് കൊടിയേറ്റി. സംഘാടക സമിതി ചെയർമാൻ എ എൻ രാജൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സജു ചന്ദ്രൻ ആമുഖ പ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, പി കെ പ്രസന്നൻ , ഭരതൻ കണ്ടേങ്കാട്ടിൽ, ബാബു കോടശ്ശേരി , എ സി സുരേഷ്, അഡ്വ കെ ജി അജയ്കുമാർ, എം കെ സുബ്രമണ്യൻ, കിഷോർ പള്ളിപ്പാട്ട് ,കെ ബി ദിലീപ്കുമാർ, നവീൻ ഭഗീരഥൻ എന്നിവർ ആശംസകൾ നേർന്നു. ചമയം സെക്രട്ടറി ഷാജു തെക്കൂട്ട് സ്വാഗതവും വരദമേനോൻ നന്ദിയും പറഞ്ഞു.