വായനശാലയുടെ സ്ഥലപരിധി കുറയ്ക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ പ്രതിപക്ഷം; സൗജന്യ കെ ഫോൺ കണക്ഷനായി നഗരസഭ പരിധിയിൽ നിന്ന് 25 ഉപഭോക്താക്കളെ കണ്ടെത്താൻ യോഗ തീരുമാനം …
ഇരിങ്ങാലക്കുട : കരുവന്നൂർ സുവർണ്ണജൂബിലി മന്ദിരത്തിൽ പ്രവർത്തിക്കുന്ന വായനശാലയുടെ സ്ഥലപരിധി കുറയ്ക്കാനുള്ള തീരുമാനത്തിൽ നഗരസഭ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. സുവർണ്ണജൂബിലി മന്ദിര നിർമ്മാണവേളയിൽ വായനശാലയ്ക്ക് സൗജന്യമായി സ്ഥലം അനുവദിക്കാമെന്ന വ്യവസ്ഥയാണ് ഉണ്ടായിരുന്നതെന്നും വായനശാലയുടെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തുന്നതും ഉയർന്ന വാടക ഈടാക്കാനുള്ള തീരുമാനവും പട്ടണത്തെ സാംസ്കാരിക കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്നവർക്ക് യോജിച്ചതല്ലെന്നും എൽഡിഎഫ് അംഗങ്ങളായ അഡ്വ കെ ആർ വിജയ , അൽഫോൺസ തോമസ് എന്നിവർ പറഞ്ഞു. വാടകയിൽ നിന്നുള്ള വരുമാനത്തിന്റെ കാര്യത്തിൽ അലസമായ സമീപനം സ്വീകരിക്കാൻ നഗരസഭക്ക് കഴിയില്ലെന്നും വായനശാലക്ക് കൂടുതൽ സ്ഥലം അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഗ്രന്ഥശാല സംഘത്തിൽ നിന്നുള്ള ഫണ്ട് വാടകയ്ക്കായി വിനിയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്നും വൈസ് ചെയർമാൻ ടി വി ചാർലി പറഞ്ഞു.
തെരുവു നായ ഷെൽട്ടർ ഹോമിനായി ഇരിങ്ങാലക്കുട വില്ലേജ് ഓഫീസ് , സോണൽ ഓഫീസ് പരിസരങ്ങളിലെ കെട്ടിടങ്ങൾ ഉപയോഗിക്കാനായി റവന്യൂ വകുപ്പിൽ നിന്നും അനുമതി തേടാൻ യോഗം തീരുമാനിച്ചു. ഇവ രണ്ടും കൂടാതെ വെറ്ററിനറി പോളിക്ലിനിക്കുമാണ് ഷെൽട്ടർ ഹോമിന്റെ ആവശ്യങ്ങൾക്കായി നഗരസഭ ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.
നഗരസഭ ഓഫീസിനോട് ചേർനുള്ള കസ്തൂർബാ വനിതാ ഷോപ്പിംഗ് കോംപ്ലക്സിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. കെട്ടിടത്തിന്റെ അപര്യാപ്തതകളുടെ പേരിൽ പതിനേഴ് മുറികൾ ഇതുവരെ ലേലത്തിൽ പോകാത്തതിനാലാണ് സൗകര്യങ്ങൾ വർധിപ്പിക്കുന്നത്. നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കഴിവുകേടിന്റെ പ്രതീകമാണ് കസ്തൂർബ ഷോപ്പിംഗ് കോംപ്ലക്സ് എന്നും എറ്റവും അശാസ്ത്രീയമായ നിർമ്മാണമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭക്ക് സംഭവിച്ചിട്ടുള്ളതെന്നും ബിജെപി അംഗം സന്തോഷ് ബോബൻ വിമർശിച്ചു.
സൗജന്യ കെ ഫോൺ കണക്ഷൻ നല്കുന്നതിനായി നഗരസഭ പരിധിയിൽ നിന്ന് 25 ഉപഭോക്താക്കളെ കണ്ടെത്താനും യോഗം തീരുമാനിച്ചു.
കുട്ടംകുളത്തിനോട് ചേർന്ന് കമ്പി വേലി കെട്ടാനുള്ള ദേവസ്വത്തിന്റെ നീക്കം തടയണമെന്നും നിർമ്മാണ അനുമതി നല്കരുതെന്നും നേരത്തെ ബിജെപി അംഗം സന്തോഷ് ബോബൻ ആവശ്യപ്പെട്ടു.
യോഗത്തിൽ ചെയർപേർസൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.