വേളൂക്കര പഞ്ചായത്തിൽ പ്രസിഡണ്ടിന് എതിരെ അവിശ്വാസ പ്രമേയവുമായി വീണ്ടും യുഡിഎഫ്; രാഷ്ട്രീയ പ്രേരിതമെന്ന് വിശദീകരിച്ച് പ്രസിഡണ്ട് ..
ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിൽ അവിശ്വാസ പ്രമേയവുമായി വീണ്ടും പ്രതിപക്ഷം. ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് പ്രസിഡണ്ട് കെ എസ് ധനീഷിനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ് അംഗങ്ങൾ നോട്ടീസ് നല്കിയിരിക്കുന്നത്. ആറാം വാർഡ് മെമ്പർ ബിബിൻ തുടിയത്താണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. 18 അംഗ ഭരണസമിതിയിൽ എൽഡിഎഫിനും യു ഡി എഫിനും എട്ട് അംഗങ്ങൾ വീതവും ബിജെപി ക്ക് രണ്ട് അംഗങ്ങളുമാണുള്ളത്. നറുക്കെടുപ്പിലൂടെ എൽഡിഎഫിന് പ്രസിഡണ്ട് സ്ഥാനവും യുഡിഎഫിന് വൈസ് – പ്രസിഡണ്ട് സ്ഥാനവും ലഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രസിഡണ്ടിന് എതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം അമ്പത്തിയൊന്ന് ശതമാനം വോട്ടുകൾ ലഭിക്കാത്ത സാഹചര്യത്തിൽ പരാജയപ്പെടുകയായിരുന്നു. രണ്ട് ബിജെപി അംഗങ്ങളിൽ ഒരാൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തിരുന്നുവെങ്കിലും ഒരു മെമ്പർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കുവാൻ കഴിഞ്ഞിരുന്നില്ല. വിവിധ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തിയിരുന്നു. എന്നാൽ യുഡിഎഫ് നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും വികസന പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയിട്ടില്ലെന്നും യുഡിഫുകാരായ വൈസ് – പ്രസിഡണ്ട്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എന്നിവരുടെയടക്കം കൂട്ടായ ഉത്തരവാദിത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളതെന്നും പ്രസിഡണ്ട് കെ എസ് ധനീഷ് പ്രതികരിച്ചു.