സ്ത്രീകളെ പിന്നണിയിലേക്ക് ആട്ടിപ്പായിക്കുന്ന ചില ധാരകൾ സമൂഹത്തിൽ ഇപ്പോഴും സജീവമെന്നും അറുപഴഞ്ചനും യാഥാസ്ഥിതകവുമായ മൂല്യസംഹിത സ്ത്രീകളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നുവെന്നും മന്ത്രി ഡോ ആർ ബിന്ദു ; സ്ത്രീ സുരക്ഷാ പദ്ധതികളുമായി തൃശ്ശൂർ റൂറൽ പോലീസ് ..
ഇരിങ്ങാലക്കുട: സ്ത്രീകളെ പിന്നണിയിലേക്ക് ആട്ടിപ്പായിക്കുന്ന ചില ധാരകൾ ഇപ്പോഴും സജീവമാണെന്നും അറുപഴഞ്ചനും യാഥാസ്ഥിതകവുമായ മൂല്യസംഹിത സ്ത്രീകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. തൃശൂര്‍ റൂറല്‍ പൊലീസിന്റെ സ്ത്രീസുരക്ഷാ മേളയായ ഉയരേയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുടയിൽ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
നിരവധിയായ അസമത്വങ്ങളിലൂടെയും വിവേചനങ്ങളിലൂടെയും അവമതിപ്പുകളിലൂടെയുമാണ് ഇന്ത്യയിൽ സ്ത്രീ ജീവിതം മുന്നോട്ട് പോകുന്നത്. കുട്ടികളെ വളര്‍ത്തുന്നതിനും വയോജനങ്ങളെ പരിപാലിക്കുന്നതിനും ഉള്‍പ്പെടെ ജീവിതത്തില്‍ ഗണ്യമായ സമയം മാറ്റിവെയ്ക്കുന്ന സ്ത്രീകള്‍ക്ക് രണ്ടാം കിട സാമൂഹ്യപദവിയാണ് ലഭിക്കുന്നത്.
സ്ത്രീപക്ഷ കേരളം എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക വകുപ്പ് രൂപീകരിക്കാൻ സർക്കാരിന് കഴിഞ്ഞു. ജനമൈത്രി പോലീസ് സംവിധാനം അഭിമാനകരമാണ്. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രത്യേക പരിഗണന നല്കാൻ പോലീസിന് കഴിയണമെന്നും മന്ത്രി പറഞ്ഞു.സ്ത്രീകളുടെ ശാരീരിക-മാനസിക സൗഖ്യം, സാമ്പത്തിക ഭദ്രത, തൊഴിലിടങ്ങളിലെ സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികൾ, സന്നദ്ധ സംഘടനകൾ, സഖി, സ്ത്രീ സംരംഭ കൂട്ടായ്മകളും ചൈല്‍ഡ് ലൈന്‍ വിഭാഗവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി നയരൂപീകരണ ചര്‍ച്ചകള്‍, കൗണ്‍സിലിംഗ് സെഷനുകള്‍, അവബോധന പരിപാടികള്‍ എന്നിവ നടന്നു.
മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്റെ, ക്രൈം ബ്രാഞ്ച് ഐജി ഹർഷിത ആട്ടലൂരി ,മാള എസ് ഐ രമ്യ കാര്ത്തികേയന്, ഡിഐജി തൃശൂര്‍ റെയ്ഞ്ച് പുട്ട വിമലാദിത്യ, തൃശൂര്‍ റൂറല്‍ വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ടി ഐ എല്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.