ലോക സെറിബ്രൽ പാൾസി ദിനമാചരിച്ചു;തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്കായി അസിസ്റ്റീവ് വില്ലേജുകൾ ഒരുക്കും: മന്ത്രി ഡോ. ആർ. ബിന്ദു…

ലോക സെറിബ്രൽ പാൾസി ദിനമാചരിച്ചു;തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്കായി അസിസ്റ്റീവ് വില്ലേജുകൾ ഒരുക്കും: മന്ത്രി ഡോ. ആർ. ബിന്ദു…

ഇരിങ്ങാലക്കുട :തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ കുടുംബങ്ങൾക്ക് ഒന്നിച്ചു താമസിക്കുന്നതിനുള്ള അസിസ്റ്റീവ് വില്ലേജുകൾ സംസ്ഥാനത്ത് ഒരുക്കുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ലോക സെറിബ്രൽ പാൾസി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഇരിങ്ങാലക്കുട നിപ്മറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

എല്ലാ പിന്തുണ സംവിധാനങ്ങളുമുള്ള ഇത്തരം വില്ലേജുകൾ എല്ലാ ജില്ലകളിലും ഒരുക്കുകയാണ് സർക്കാർ ലക്ഷ്യം. 24 മണിക്കൂറും കുഞ്ഞുങ്ങളോടൊപ്പം കഴിയുന്ന അച്ഛനമ്മമാർക്ക് അത്യാവശ്യകാര്യങ്ങൾ ചെയ്യുന്നതിനും തൊഴിലുകളിൽ ഏർപ്പെടുന്നതിനും കഴിയുംവിധത്തിൽ വില്ലേജുകളിൽ സ്വയംതൊഴിൽ സംവിധാനങ്ങൾ സജ്ജീകരിക്കാൻ ഇതിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.വിവിധ മേഖലകളിൽ മികവു തെളിയിച്ച സെറിബ്രൽ പാൾസി ബാധിതരായ അബ്ദുൾ ഹമീദ് സി എം, മുഹമ്മദ് ഷുഹൈബ് പി ജി, ശ്യാം മോഹൻ കെ പി, അമൽ ഇക്ബാൽ, മുഹമ്മദ ഷഹീദ് ടി എസ് എന്നിവർക്ക് മന്ത്രി ഫലകം നൽകി ആദരിച്ചു.

നിപ്മർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ ആർ ജോജോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ മേരി ഐസക്, നിംപർ എക്സിക്യൂട്ടീവ് ഡയറക്ടർ ഇൻചാർജ് ചന്ദ്രബാബു എന്നിവർ സംസാരിച്ചു.

തുടർന്ന് ‘സെറിബ്രൽ പാൾസി – പ്രശ്നങ്ങളും പരിഹാരങ്ങളും’ വിഷയത്തിൽ പീഡിയാട്രിക് ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ. ദർശൻ ജയറാം ദാസ് രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് എടുത്തു.

സെറിബ്രൽ പാൾസി ബാധിതരായ കുട്ടികളിലെ അസ്ഥിസംബന്ധമായ പ്രശ്നങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ പീഡിയാട്രിക് ഓർത്തോപീഡിക് സർജൻമാരായ ഡോ. അശോക് എൻ ജൊഹാരി, ഡോ. ഈശ്വർ ടി ആർ, ഡോ. രത്ന മഹേശ്വരി, ഡോ. ഈശ്വർ ടി ആർ എന്നിവർ പങ്കെടുത്ത സെമിനാറും നടന്നു.

Please follow and like us: