നിർമ്മാണപ്രവൃത്തിയിൽ കോമ്പോസിറ്റ് ടെൻഡർ ഉൾപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് …

നിർമ്മാണപ്രവൃത്തിയിൽ കോമ്പോസിറ്റ് ടെൻഡർ ഉൾപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് …

 

കൊടുങ്ങല്ലൂർ:കേരളത്തിലെ സർക്കാർ കെട്ടിടനിർമ്മാണത്തിൽ സിവിൽ ടെൻഡർ, ഇലക്ട്രിഫിക്കേഷൻ ടെൻഡർ എന്നിവയെ ഒരുമിപ്പിച്ച് കോമ്പോസിറ്റ് ടെൻഡർ നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കെട്ടിടം നിർമ്മിച്ചു കഴിഞ്ഞ് വൈദ്യുതീകരണത്തിനായി കെട്ടിടം കുത്തിപ്പൊളിക്കുന്ന സ്ഥിതി ഒഴിവാക്കാനാണിതെന്നും മന്ത്രി പറഞ്ഞു. കൊടുങ്ങല്ലൂർ ശൃംഗപുരം ഗവ. എൽപി സ്കൂളിന്റെ പുതിയ ബഹുനിലകെട്ടിട നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

 

 

കോമ്പോസിറ്റ് ടെൻഡർ നടപ്പിലാക്കുന്നതിലൂടെ നിർമ്മാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനാകും. ശൃംഗപുരം ജി എൽ പി സ്കൂളിന്റെ കെട്ടിടം നിർമ്മിക്കുന്നത് കോമ്പോസിറ്റ് ടെൻഡറിലാണ്. ചരിത്രപരമായ പ്രാധാന്യമുള്ള സ്കൂൾ ആണ് ശൃംഗപുരം ജി എൽ പി എസ്. കേരള വ്യാസൻ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ ചിന്തകനും വിദ്യാഭ്യാസപ്രചാരകനുമായ കൂനേഴത്ത് പരമേശ്വര മേനോൻ 132 വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച “കൊച്ചി താലൂക്ക് പാഠശാല”യാണ് പിന്നീട് ശൃംഗപുരം ജി എൽ പി സ്കൂളായത്. സ്കൂളിന്റെ പുതിയ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണത്തിനായി 1.5 കോടി രൂപയാണ് അനുവദിച്ചത്. കൊടുങ്ങല്ലൂരിലെ വികസനപ്രവർത്തനത്തിനായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് പരിപൂർണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു.

 

 

എംഎൽഎ വി എസ് സുനിൽകുമാറിനെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കൊടുങ്ങല്ലൂർ മുൻസിപ്പൽ ചെയർപേഴ്സൺ എം യു ഷിനിജ, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ വി കെ ശ്രീമാല, കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ കെ ആർ ജൈത്രൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: