ഇന്റലിജന്റായി ശ്രീനാരായണപുരം പഞ്ചായത്ത് ;തദ്ദേശസ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയെന്ന് മന്ത്രി എം ബി രാജേഷ് …

ഇന്റലിജന്റായി ശ്രീനാരായണപുരം പഞ്ചായത്ത് ;തദ്ദേശസ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതിയെന്ന് മന്ത്രി എം ബി രാജേഷ് …

കയ്പമംഗലം:ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വികസനക്ഷേമ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനും പൊതുജനങ്ങളിലേയ്ക്ക് സേവനങ്ങൾ അതിവേഗം എത്തിക്കുന്നതിനും ലക്ഷ്യമിട്ട് ജില്ലയിൽ ആദ്യമായി നടപ്പാക്കുന്ന ഇന്റലിജന്റ് പഞ്ചായത്ത് എന്ന ദൗത്യം യാഥാർത്ഥ്യമാക്കി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഓൺലൈനായി നിർവഹിച്ചു.

 

ഇന്റലിജന്റ് ഗ്രാമപഞ്ചായത്ത് പദ്ധതി മാതൃകാപരവും തദ്ദേശസ്ഥാപനങ്ങളുടെ മുഖച്ഛായ മാറ്റുന്നതാണെന്നും മന്ത്രി പറഞ്ഞു. സേവനങ്ങൾ വേഗത്തിലും കാര്യക്ഷമവുമായി ജനങ്ങളിലേയ്ക്ക് എത്തിക്കാനും പ്രാദേശികതലത്തിൽ മെച്ചപ്പെട്ട രീതിയിൽ ഭരണനിർവഹണം കാഴ്ചവെക്കാനും പദ്ധതിയിലൂടെ സാധിക്കും. മറ്റു പഞ്ചായത്തുകൾ ഇത് മാതൃകയാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 

ഡ്രോൺ, ജി.പി.എസ്, ഡി.ജി.പി.എസ്, ജി.ഐ.എസ് പ്രത്യേകം രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവയുടെ സഹായത്തോടെ പഞ്ചായത്തിലെ റോഡുകൾ, തോടുകൾ, പാലങ്ങൾ, ജലസംഭരണ കേന്ദ്രങ്ങൾ പ്രകൃതിവിഭവങ്ങൾ, ചരിത്രം, വ്യക്തിഗത ഡാറ്റകൾ തുടങ്ങിയവയുടെ ഡ്രോൺ ഇമേജ് സഹിതമുള്ള വിവരങ്ങളാണ് വിരൽതുമ്പിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകുക. 30 ലക്ഷം രൂപയാണ് പദ്ധതിയുടെ നിർവഹണത്തിനായി വിനിയോഗിക്കുന്നത്.

 

സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രദേശവാസികളുടെ വിവരങ്ങള്‍, കെട്ടിടങ്ങളുടെ ചുറ്റളവ്, ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, റോഡ്, പാലം, കലുങ്ക്, മറ്റു ലാന്റ്മാര്‍ക്കുകള്‍, വാട്ടര്‍ പൈപ്പ്ലൈന്‍, വൈദ്യുതി ലൈനുകള്‍ തുടങ്ങി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എല്ലാ വിവരങ്ങളും അതാത് ലൊക്കേഷനില്‍ ഡിജിറ്റലായി ശേഖരിക്കും.

 

ഡ്രോണ്‍ സര്‍വ്വേയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ മുഴുവന്‍ ഭൂപ്രദേശങ്ങളെ കുറിച്ചുള്ള വ്യക്തവും സൂക്ഷ്മവുമായ വിവരങ്ങള്‍ ലഭ്യമാകുന്നു. ഭൗമവിവര സാങ്കേതിക വിദ്യയിലൂടെ എല്ലാ വിവരങ്ങളും ലൊക്കേഷന്‍ അധിഷ്ഠിതമായി ഡിജിറ്റലായി സൂക്ഷിക്കാന്‍ സാധിക്കും. ഇന്റലിജന്റ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് സംവിധാനം വഴി കെട്ടിടങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, ഡ്രൈനേജ് എന്നിവയുടെ ഫോട്ടോ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ആവശ്യാനുസരണം തിരയാന്‍ സൗകര്യപ്പെടും വിധം വെബ്പോര്‍ട്ടലിലും ഒരുക്കിയിട്ടുണ്ട്. അധികാര പരിധിയില്‍ വരുന്ന പ്രകൃതി-മനുഷ്യ വിഭവങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളുടെ അഭാവം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ഇതിന് പരിഹാരമാകും.

 

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Please follow and like us: