വഴുതന വൈവിധ്യ ഉദ്യാനവുമായി കൂടൽമാണിക്യ ദേവസ്വം ; തിരഞ്ഞെടുക്കപ്പെട്ട സസ്യജാലങ്ങളുടെ വൈവിധ്യം സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു …
ഇരിങ്ങാലക്കുട: വഴുതന വൈവിധ്യ ഉദ്യാനവുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. കൃഷി വകുപ്പ്, കാർഷിക സർവകലാശാല , ദേശീയ സസ്യ ജനിതകസമ്പത്ത് സംരക്ഷണ ബ്യൂറോ എന്നിവയുടെ സഹകരണത്തോടെയാണ് കളത്തുംപടി ദേവസ്വം ഭൂമിയിൽ ക്ഷേത്രത്തിലെ വഴുതന നിവേദ്യം വഴിപാടിന് കൂടി ആവശ്യമായ വഴുതന ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വഴുതന ഗ്രാമം പദ്ധതി ഒരുക്കുന്നത്. ഇരുപത്തിയെട്ട് തരം വഴുതനകളാണ് ഉൽപ്പാദിച്ചിട്ടുള്ളത്. ഉദ്യാനപരിസരത്ത് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട സസ്യജാലങ്ങളുടെ വൈവിധ്യം സംരക്ഷിക്കുകയും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയവ വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി പറഞ്ഞു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. മുൻ എംപി പ്രൊഫ. സാവിത്രി ലക്ഷ്മണൻ ശത്രുഘ്നൻ, ഡോ സുമ , ഡോ സ്മിത ബേബി, സുകുമാരൻ, എന്നിവർ ആശംസകൾ നേർന്നു. മുരിയാട് കൃഷി ഓഫീസർ നികിത ഒ എം സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഷിജിത്ത് നന്ദിയും പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ഭക്ത ജനങ്ങൾ എന്നിവർ പങ്കെടുത്തു.