തൃശ്ശൂർ റൗണ്ടിൽ പ്രവേശിക്കാതെ ശക്തൻ സ്റ്റാൻ്റിൽ സർവീസ് അവസാനിപ്പിക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗം; പട്ടണത്തിലെ റോഡുകളിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കണമെന്നും വികസനസമിതി…
ഇരിങ്ങാലക്കുട: തൃശ്ശൂർ റൗണ്ടിൽ പ്രവേശിക്കാതെ മെട്രോ ആശുപത്രി വഴി ശക്തൻ സ്റ്റാൻ്റിൽ ട്രിപ്പുകൾ അവസാനിപ്പിക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി. ലഗ്ഗേജുമായി കെഎസ്ആർടിസി യിലേക്കും റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർക്കടക്കം ഇത് മൂലം പ്രയാസങ്ങൾ നേരിടുകയാണെന്ന് യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുടയിൽ നിന്ന് മതിലകത്തേക്കുള്ള സ്വകാര്യ ബസ്സുകൾ വൈകീട്ട് 3നും 5.30 നുമിടയിൽ ട്രിപ്പുകൾ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച പരാതിയും യോഗത്തിന് മുമ്പാകെ എത്തി. പരാതികൾ പരിശോധിക്കാമെന്നും ട്രിപ്പുകൾ റദ്ദ് ചെയ്യുന്ന ബസ്സുകളുടെ പെർമിറ്റുകൾ പിടിച്ചെടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ മറുപടി നല്കി.
താലൂക്ക് ആശുപത്രിക്ക് മുമ്പിൽ അപകടാവസ്ഥയിൽ ആയി നില്ക്കുന്ന വെയ്റ്റിംഗ് ഷെഡ്ഡ് പൊളിച്ച് നീക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കാത്തിരിപ്പു കേന്ദ്രത്തിൻ്റെ അപകടാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പുകൾ ഉണ്ടെങ്കിലും യാത്രക്കാർ കയറി നില്ക്കുന്ന സാഹചര്യമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രതിനിധി ഉല്ലാസ് കളക്കാട്ട് യോഗത്തിൽ ചൂണ്ടിക്കാട്ടി.
തൃശ്ശൂർ – കൂർക്കഞ്ചേരി റൂട്ടിൽ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി നടത്തുന്ന അറ്റകുറ്റപ്പണികൾ അപകടപരമായ രീതിയിലാണ് നടക്കുന്നതെന്ന് കോൺഗ്രസ്സ് പ്രതിനിധി ആൻ്റോ പെരുമ്പിള്ളി പറഞ്ഞു.ഇത് സംബന്ധിച്ച് കെഎസ്ടിപി അധികൃതർക്ക് നിർദ്ദേശം നല്കാൻ യോഗം തീരുമാനിച്ചു.
മിനി സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും വടക്കോട്ട് പൊറത്തിശ്ശേരി- ചെമ്മണ്ട റോഡിലേക്ക് മഴവെള്ളം കുത്തൊലിച്ച് ഇറങ്ങുന്നത് യാത്രക്കാർക്കും ഇറക്കത്തുള്ള വീട്ടുകാർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും കാന നിർമ്മാണത്തിന് നടപടി വേണമെന്ന പരാതിയും യോഗം ചർച്ച ചെയ്തു. കാന നിർമ്മാണവുമായി ബന്ധപ്പെട്ട 25 ലക്ഷത്തിൻ്റെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് അധിക്യതർ അറിയിച്ചു.
ഇരിങ്ങാലക്കുട ഠാണാവിൽ മെറീന ആശുപത്രി കവാടത്തിൻ്റെ വടക്ക് വശത്ത് റോഡിലുള്ള വാഹനങ്ങളുടെ പാർക്കിംഗ് ഇത് വഴിയുള്ള ഗതാഗതത്തിന് പ്രയാസങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് അഭിപ്രായമുയർന്നു. ഠാണാ മെയിൻ റോഡിൽ വാഹനങ്ങൾ ഇരുവശത്തും പാർക്ക് ചെയ്യുന്നതും യോഗത്തിൻ്റെ ശ്രദ്ധയിൽ വന്നു. പട്ടണത്തിലെ വിവിധ റോഡുകളിൽ സീബ്ര ലൈനുകൾ അനിവാര്യമായിരിക്കുകയാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. പരാതികൾ പരിശോധിക്കാമെന്നും അനധികൃത പാർക്കിംഗിന് എതിരെ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പോലീസ് വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കഴിഞ്ഞ മാസം പുതിയ റേഷൻ കാർഡിനുള്ള 59 അപേക്ഷകൾ ലഭിച്ചുവെന്നും മുഴുവൻ പേർക്കും കാർഡുകൾ നല്കിയെന്നും കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയായതായും കാർഡുകൾക്ക് അനർഹരായി കണ്ടെത്തിയ 22 പേരിൽ 1,63,000 രൂപ ഈടാക്കിയതായും താലൂക്ക് സപ്ലൈ ഓഫീസർ ജോസഫ് ആൻ്റോ യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് ലളിത ബാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ലത ചന്ദ്രൻ,നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, കാറളം പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ്, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.തഹസിൽദാർ കെ ശാന്തകുമാരി സ്വാഗതം പറഞ്ഞു.