ഇരിങ്ങാലക്കുടയിൽ സംഗമഗ്രാമമാധവന്റെ അപ്രകാശിത ഗ്രന്ഥം കണ്ടെത്തി ;പ്രവർത്തനങ്ങൾ സെന്റ് ജോസഫ്സ് കോളേജിലെ പുരാരേഖാ ഗവേഷണ കേന്ദ്രത്തിൻ്റെ നേത്യത്വത്തിൽ…
ഇരിങ്ങാലക്കുട: സംഗമഗ്രാമമാധവന്റെ ലഗ്നപ്രകരണത്തിന്റെ താളിയോലകൾ പ്രകാശിതമായി.
സംഗമഗ്രാമ മാധവന്റെ ജീവിതവും സംഭാവനകളുമായി ബന്ധപ്പെട്ട ഗവേഷണത്തിനിടയിലാണ് ഇവ കണ്ടെത്തിയത്. ബ്രിട്ടീഷ് ലൈബ്രറിയുടെ ഡിജിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായി ബ്രിട്ടീഷ് ലൈബ്രറി വെബ്സൈറ്റിലാണ് ഈ രേഖകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭാരതത്തിൽ നിന്നുള്ള ഗണിത, ജ്യോതിശാസ്ത്രജ്ഞനായ സംഗമഗ്രാമ മാധവൻ പതിനാലാം നൂറ്റാണ്ടിൽ കല്ലേറ്റുംകരയിലെ ഇരിഞ്ഞാടപ്പിള്ളി മനയിൽ ജീവിച്ചിരുന്നതായാണ് വിശ്വസിക്കപ്പെടുന്നത്.
ഇദ്ദേഹത്തിന്റെ 8 പുസ്തകങ്ങളിൽ സ്ഫുടചന്ദ്രാപ്തിയും വേണ്വാരോഹവും മാത്രമാണ് ഇതു വരെ ലഭ്യമായിട്ടുള്ളു. ലഗ്നപ്രകരണത്തിന്റെ ഏതാനും ഭാഗങ്ങൾ ഒരു പഴയ നോട്ടു പുസ്തകത്തിൽ പകർത്തിയ നിലയിൽ ഇതേ ഗവേഷണ സംഘം മുൻപു കണ്ടെത്തിയിരുന്നു. ഇപ്പോൾ ലഭ്യമായിരിക്കുന്നത് താളിയോലകളാണ്. ഇരിങ്ങാടപ്പിള്ളി മനയിൽ നടത്തിയ ഗവേഷണ ഫലമായി വട്ടെഴുത്തിലുള്ള ഒരു ശിലാലിഖിതവും ഇവർ കണ്ടെത്തിയിരുന്നു.
താളിയോലകളടങ്ങിയ പുരാരേഖാ സഞ്ചയത്തിന്റെ സംരക്ഷണത്തിനായി ബ്രിട്ടീഷ് ലൈബ്രറി നൽകുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ താളിയോലകൾ പ്രസിദ്ധപ്പെടുത്തിയത്. മലയാള വിഭാഗം അദ്ധ്യാപിക ലിറ്റി ചാക്കോ ആണ് ഈ ഗവേഷണ പദ്ധതികൾക്കു നേതൃത്വം നൽകുന്നത്.
കാലിക്കറ്റ് സർവ്വകലാശാലയിലെ ഡോ. ഇ എം അനീഷ്, എം ജി സർവ്വകലാശാലയിലെ ഡോ. ഷാരൽ റിബല്ലോ, മുൻ ഗണിത ശാസ്ത്ര വിഭാഗം അധ്യക്ഷ ഡോ. എൻ ആർ മംഗളാംബാൾ എന്നിവരും സോന എസ്, റോസി ചാണ്ടി, എൽസ ദേവസ്സി എന്നിവരും ഈ ഗവേഷണപദ്ധതിയുടെ ഭാഗമാണ്.
പെരുവനം കുന്നത്തൂർ പടിഞ്ഞാറേടത്ത് മന, കല്ലേറ്റുങ്കര ഇരിങ്ങാടപ്പിള്ളി മന എന്നിവിടങ്ങളിലെ ഇരുപതിനായിരത്തോളം വരുന്ന പുരാരേഖാ സഞ്ചയം ഇവർ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു ഡിജിറ്റൈസ് ചെയ്ത് ഉടമസ്ഥർക്കു തിരിച്ചേൽപിച്ചു. ഈ രേഖകൾ ഗവേഷകരുൾപ്പടെ ഏവർക്കും സൗജന്യമായി ലഭ്യമായിരിക്കും. രേഖകൾ അതാതിടങ്ങളിൽ ഉടമസ്ഥരുടെ തന്നെ നിയന്ത്രണത്തിൽ വച്ചു കൊണ്ട് റിസർച്ചിനു വേണ്ടി ലഭ്യമാക്കുന്ന പദ്ധതിയാണിത്. അമൂല്യമായ അറിവുകളടങ്ങുന്ന നമ്മുടെ രേഖാസഞ്ചയങ്ങൾ അടിയന്തിര ശ്രദ്ധ നൽകി സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
2018 മുതൽ മാനുസ്ക്രിപ്റ്റ് പ്രിസർവേഷൻ & ഡിജിറ്റൈസേഷൻ സെന്റർ (MRPC) കോളേജിലുണ്ട്.
കെമിക്കൽ സംരക്ഷണങ്ങൾക്കുള്ള ലബോറട്ടറിയും ഡിജിറ്റൈസേഷനു വേണ്ടിയുള്ള സുസജ്ജമായ സ്റ്റുഡിയോയും കാറ്റലോഗിംഗ് ഉൾപ്പടെയുള്ള സംവിധാനങ്ങൾക്കുള്ള ഗവേഷകരും ഇവിടെ ജോലി ചെയ്യുന്നു. യുജിസി ധനസഹായത്തോടെയാണ് സെൻ്റർ പ്രവർത്തിക്കുന്നത്. പ്രളയകാലത്ത് ലക്ഷക്കണക്കിനുള്ള രേഖകൾ ഇവർ പ്രിസർവ് ചെയ്ത് ഉടമസ്ഥർക്ക് തിരിച്ചേൽപിച്ചിരുന്നു.
പുരാരേഖകൾ ഏറെയുണ്ടെങ്കിലും കേരളത്തിൽ നിന്ന് വളരെ അപൂർവ്വമാണ് ഇത്തരമൊരു ഗവേഷണ പദ്ധതി എന്ന് പ്രിൻസിപ്പൽ ഡോ.സി.എലൈസ പറഞ്ഞു.