ഇരിങ്ങാലക്കുട നഗരസഭ പരിധിക്ക് പുറത്തുള്ള സംഘടനകൾക്ക് ടൗൺ ഹാൾ സൗജന്യ നിരക്കിൽ നല്കേണ്ടതില്ലെന്ന് നഗരസഭ യോഗത്തിൽ തീരുമാനം; ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ബയോമൈനിംഗ് പദ്ധതി നടപ്പാക്കാനും തീരുമാനം…
ഇരിങ്ങാലക്കുട: നഗരസഭ പരിധിക്ക് പുറത്തുള്ള സംഘടനകൾക്ക് ടൗൺ ഹാൾ സൗജന്യ നിരക്കിൽ നല്കേണ്ടതില്ലെന്ന് നഗരസഭ യോഗത്തിൽ തീരുമാനം. പുല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചമയം നാടകവേദി നാടകോൽസവം ടൗൺ ഹാളിൽ സംഘടിപ്പിക്കുന്നതായി സൗജന്യ നിരക്കിൽ നല്കണമെന്ന അപേക്ഷയിലാണ് തീരുമാനം.ഇതിനായി ഇത് സംബന്ധിച്ച ബൈലോയിൽ ആവശ്യമായ ഭേദഗതി വരുത്താനും യോഗം തീരുമാനിച്ചു. നിലവിൽ രാഷ്ട്രീയ പാർട്ടികൾക്കും ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനകൾക്കുമാണ് സൗജന്യ നിരക്കിൽ ടൗൺ ഹാൾ അനുവദിക്കുന്നത്. പട്ടണത്തിന് പുറത്തുള്ള സംഘടനകൾക്ക് സൗജന്യ നിരക്കിൽ നല്കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും യോജിപ്പില്ലെന്നും നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി, ഭരണകക്ഷി അംഗം ജെയ്സൻ പാറേക്കാടൻ, ബിജെപി അംഗങ്ങളായ സന്തോഷ് ബോബൻ, ടി കെ ഷാജു എന്നിവർ ചൂണ്ടിക്കാട്ടി. ബൈലോ ആവശ്യപ്പെടുന്നത് അനുസരിച്ചുള്ള രജിസ്ട്രേഷൻ പ്രസ്തുത സംഘടനക്ക് ഇല്ലെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.നാടകോൽസവം ആറ് ദിവസമുണ്ടെന്നും സാംസ്കാരിക പരിപാടി എന്ന മാനദണ്ഡം വച്ച് നാടകവേദിക്ക് സൗജന്യ നിരക്കിൽ അനുവദിക്കണമെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ ആവശ്യപ്പെട്ടു.ചർച്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ ഫിനാൻസ് കമ്മിറ്റിക്ക് വിഷയം വിടാമെന്ന് ചെയർപേഴ്സൻ നിർദ് ദേശിച്ചുവെങ്കിലും കൗൺസിലിൽ തന്നെ തീരുമാനമെടുക്കാമെന്ന് സന്തോഷ് ബോബൻ പറഞ്ഞു. നിലവിലുള്ള നിരക്കിൻ്റെ അമ്പത് ശതമാനം ഈടാക്കി കൊണ്ട് വാടകക്ക് നല്കാമെന്ന വൈസ് – ചെയർമാൻ്റെ നിർദ്ദേശം യോഗം അംഗീകരിച്ചു.
പൂതംക്കുളം മൈതാനത്ത് നിർമ്മാണം പൂർത്തിയായി വരുന്ന ടേക്ക് എ ബ്രേക്കിൻ്റെ ഉദ്ഘാടനം ഒക്ടോബർ 6 ന് 4 മണിക്ക് തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിക്കുമെന്ന് ചെയർപേഴ്സൻ യോഗത്തിൽ അറിയിച്ചു. ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മുൻകാലങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ബയോമൈനിംഗ് പദ്ധതി നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനിച്ചു. വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിക്ക് 50 ലക്ഷം രൂപയാണ് ചിലവഴിക്കുന്നത്. വാർഡ് സഭകൾ ഒക്ടോബർ 11 മുതൽ 20 വരെ നടത്താനും യോഗം തീരുമാനിച്ചു.യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.