ലഹരി വിമുക്ത നവകേരളത്തിനായി കൈകോർത്ത് സൂപ്പർ താരം ടൊവിനോയും; ജീവിതത്തിൽ സന്തോഷവും സമാധാനവും ഉള്ളപ്പോൾ ലഹരി വസ്തുക്കളുടെ ആവശ്യമെന്തിന് എന്ന ചോദ്യമുയർത്തി പ്രിയതാരം…
ഇരിങ്ങാലക്കുട: ” നിങ്ങൾ എല്ലാവരും ഹാപ്പിയല്ലേ? എല്ലാവർക്കും സന്തോഷവും സമാധാനവുമില്ലേ?” യുവതലമുറയോടുള്ള ചോദ്യം സൂപ്പർതാരം ടൊവിനയുടേത്. ” അതേ ” എന്ന് ഹർഷാവരങ്ങളോടെ പുതിയ തലമുറയുടെ മറുപടി .” ജീവിതത്തിൽ സ്വാഭാവിക ലഹരി ഉള്ളപ്പോൾ പിന്നെ എന്തിനാണ് മറ്റ് ലഹരി വസ്തുക്കൾ ‘ എന്ന നടൻ്റെ അടുത്ത ചോദ്യം പുതിയ തലമുറയ്ക്കുള്ള കൃത്യമായ സന്ദേശമായി.തൃശ്ശൂർ റൂറൽ ജില്ലാ പോലീസിൻ്റെ ആഭിമുഖത്തിൽ നടത്തുന്ന ‘ യോദ്ധാവ്’ ലഹരി വിരുദ്ധ പ്രചരണത്തിൻ്റെ വീഡിയോ പ്രകാശനവും ബൈക്ക് റാലിയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രിയതാരം.നടൻ്റെ സ്വന്തം തട്ടകമായ ഇരിങ്ങാലക്കുടയിലെ ബസ്സ് സ്റ്റാൻ്റ് പരിസരമായിരുന്നു വേദി. നാടിൻ്റെ ഭാവി നിർണ്ണയിക്കേണ്ടത് യുവതലമുറയാണ്. സ്കൂൾ കുട്ടികൾ വരെ ലഹരിക്ക് അടിമപ്പെടുന്നു എന്ന് കേൾക്കേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. ഇവയെ തടയാനുള്ള അധികൃതരുടെ ശ്രമങ്ങൾക്ക് പിന്തുണ നല്കാൻ കഴിയുന്നത് കുട്ടികൾക്ക് തന്നെയാണ്. ലഹരിയോട് ” നോ” എന്ന് പറയാൻ കുട്ടികൾ തയ്യാറാകണം. ജീവിതത്തിൻ്റെ സ്വാഭാവികമായ സൗന്ദര്യം നിലനിറുത്താൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിച്ച് കൊണ്ടാണ് ടൊവിനോ തൻ്റെ വാക്കുകൾ നിറുത്തിയത്.
തൃശ്ശൂർ റൂറൽ ജില്ല അഡീഷണൽ പോലീസ് സൂപ്രണ്ട് എസ് ടി സുരേഷ്കുമാർ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി ,കെപിഒഎ ജില്ലാ പ്രസിഡണ്ട് കെ കെ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി വി യു സിൽജോ എന്നിവർ ആശംസകൾ നേർന്നു.എസ് ഐ എം എസ് ഷാജൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഡിവൈഎസ്പി ബാബു കെ തോമസ് സ്വാഗതവും സി ഐ അനീഷ് കരീം നന്ദിയും പറഞ്ഞു.നേരത്തെ എസ്പിസി കുട്ടികളുടെ നേത്യത്വത്തിൽ ഫ്ലാഷ് മോബും ഉണ്ടായിരുന്നു. പ്രിയ താരത്തിൻ്റെ വരവറിഞ്ഞ് നൂറുക്കണക്കിന് കുട്ടികളാണ് പരിപാടിക്ക് എത്തിച്ചേർന്നത്.