ബസ് റൂട്ട് മാറ്റത്തിന് ആർടിഎ യുടെ അംഗീകാരം;കൊടുങ്ങല്ലൂർ -വെള്ളാങ്ങല്ലൂർ ഭാഗത്തെ ഗതാഗത നിയന്ത്രണം നാളെ മുതൽ…

ബസ് റൂട്ട് മാറ്റത്തിന് ആർടിഎ യുടെ അംഗീകാരം;കൊടുങ്ങല്ലൂർ -വെള്ളാങ്ങല്ലൂർ ഭാഗത്തെ ഗതാഗത നിയന്ത്രണം നാളെ മുതൽ…

തൃശ്ശൂർ: കൊടുങ്ങല്ലൂർ – ഷൊർണൂർ പാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണം നാളെ നിലവിൽ വരും. ഇതനുസരിച്ച് കൊടുങ്ങല്ലൂരിൽ നിന്ന് തൃശ്ശൂർക്ക് നിലവിലുള്ള പാതയിലൂടെ ഒറ്റവരിയായി ഗതാഗതം അനുവദിക്കും.തൃശ്ശൂരിൽ നിന്ന് കൊടുങ്ങല്ലൂർക്കുള്ള ബസുകൾക്ക് കോണത്തുകുന്ന് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പൂവത്തുംകടവ് പാലം, എസ് എൻ പുരം വഴി കൊടുങ്ങല്ലൂർക്ക് ഗതാഗതം നടത്തണം. മാള/ചാലക്കുടി ഭാഗത്ത് നിന്ന് കൊടുങ്ങല്ലൂർക്ക് പോകുന്ന ബസ്സുകൾ കോണത്തുകുന്ന് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാണിയംകാവ്, വെള്ളൂർ, നാരായണമംഗലം വഴി കൊടുങ്ങല്ലൂർക്ക് ഗതാഗതം നടത്തണം.
കോണത്തുകുന്ന് മുതൽ കരൂപ്പടന്ന പാലം വരെ രണ്ടുവരി ഗതാഗതം അനുവദിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കൊടുങ്ങല്ലൂർ – കൂർക്കഞ്ചേരി കോൺക്രീറ്റ് റോഡിൻ്റെ രണ്ടാം ഘട്ടമായ കരൂപ്പടന്ന മുതൽ കോണത്തുകുന്ന് വരെയുള്ള പണികൾ സെപ്റ്റംബർ 16 ന് ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും റൂട്ട് മാറ്റത്തിന് ആർടിഎയുടെ അനുമതി ലഭിക്കാഞ്ഞതിനാൽ നീണ്ട് പോവുകയായിരുന്നു. റൂട്ട് മാറ്റത്തിന് ആർടിഎ യുടെ അനുമതി ലഭിക്കാതെ സർവ്വീസ് നടത്തിയാൽ ബസ്സുകൾക്ക് ഇൻഷുറൻസ് ക്ലെയിം കിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ബസ്സുടമകളുടെ സംഘടനയും രംഗത്ത് വന്നിരുന്നു. റൂട്ട് മാറ്റത്തിന് ജില്ലാ കളക്ടർ ചെയർമാനായുള്ള ആർടിഎ സമിതിയുടെ അംഗീകാരം ലഭിച്ച സാഹചര്യത്തിൽ അടുത്ത ദിവസം തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

Please follow and like us: