ദേശീയ പാതയിൽ കാർ യാത്രികരെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ..

ദേശീയ പാതയിൽ കാർ യാത്രികരെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ..

ചാലക്കുടി: ദേശീയപാതയിൽ യാത്രക്കാരെ മർദ്ദിച്ച് പുറത്തിറക്കി കാർ തട്ടിയെടുത്ത കേസിൽ കുപ്രസിദ്ധ ക്രിമിനൽ പിടിയിലായി. ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആലുവ വെസ്റ്റ് ആലങ്ങാട് പള്ളത്ത് വീട്ടിൽ താരിസ് (32 വയസ്)  പിടിയിലായത് .കൊലപാതകമടക്കമുള്ള നിരവധി കേസുകൾ താരിസിന്റെ പേരിലായുണ്ട്.

കഴിഞ്ഞ ഫെബ്രുവരി പത്തൊൻപതാം തീയതിയാണ് കേസിനാധാരമായ സംഭവമുണ്ടായത്.കുഴൽപ്പണം കടത്തിക്കൊണ്ടുപോകുന്നതാണെന്ന് സംശയിച്ച് അത് കൈവശപ്പെടുത്താൻ വേണ്ടിയാണ് കാർ തട്ടിക്കൊണ്ടുപോയത്. മൂവാറ്റുപുഴ സ്വദേശികളാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ചാലക്കുടി പുഴ പാലത്തിൽ വച്ച് മറ്റു വാഹനങ്ങളുപയോഗിച്ച് കാർതടഞ്ഞ ശേഷം യാത്രക്കാരെ ആക്രമിച്ച് വലിച്ചിറക്കിയാണ് കാർ തട്ടിയെടുത്തുപോയത്. മഹാരാഷ്ട്ര രജിസ്ട്രേഷൻ നമ്പറുള്ള ചുവന്ന കാറിൽ എത്തിയ സംഘമാണ് ആക്രമിച്ച് കാർ തട്ടിയെടുത്തതെന്ന് പോലീസിന് മൊഴി നൽകിയിരുന്നു സംഭവം കണ്ട് അക്രമികളെ തടയാൻ ശ്രമിച്ച ലോറി ഡ്രൈവറെ സംഘം മർദ്ദിക്കാൻ ശ്രമിച്ചു. ലോറിയുടെ കണ്ണാടിയും സംഘം തകർത്തിരുന്നു.

രണ്ട് മാസം മുൻപ് ഈ കേസിലെ പ്രതികളായ മൂന്നു പേരെ ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം ഒളിയിടങ്ങളിൽ നിന്നും പിടികൂടിയിരുന്നു.

കാപ്പ പ്രകാരം എറണാകുളം ജില്ലയിൽ പ്രവേശിക്കുന്നതിന് താരിസിന് വിലക്കുണ്ടായിരുന്നതിനാൽ കോഴിക്കോട് ,മലപ്പുറം ജില്ലകളിലായി ഇയാൾ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. ഇയാളുടെ വീട്ടുകാരെ രഹസ്യമായി നിരീക്ഷിച്ചു വന്നിരുന്ന പ്രത്യേകാന്വേഷ സംഘം അതു വഴിയാണ് താരിസിന്റെ ഒളിയിടം കണ്ടെത്തിയത്.

ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർമാരായ സിദ്ദിഖ് അബ്ദുൾഖാദർ, ജോഫി ജോസ് , ക്രൈം സ്ക്വാഡ് അംഗങ്ങൾ, സീനിയർ സിപിഒമാരായ ബൈജു , നിഖിലൻ, അരുൺ കുമാർ , സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ ബിജു ഒ.എച്ച് എന്നിവരടങ്ങിയ സംഘമാണ് താരിസിനെ പിടികൂടിയത്.

പിടിയിലായ താരിസിനെ ചാലക്കുടിയിലെത്തിച്ച്‌ വിശദമായ ചോദ്യം ചെയ്തതിൽ കുഴൽ പണത്തിനായാണ് കാർ തട്ടിയെടുത്തതെന്നും കാറിൽ പണമുണ്ടായിരുന്നില്ലെന്നും അറിയിച്ചു. കൊലപാതകമടക്കം പതിനൊന്നോളം കേസുകളിൽ പ്രതിയാണ് താരിസ്. ഇയാളെ വൈദ്യ പരിശോധനയും മറ്റും നടത്തി കോടതിയിൽ ഹാജരാക്കി.

Please follow and like us: