നാദോപാസനയുടെ 31-മത് വാർഷിക സമ്മേളനവും, നവരാത്രി സംഗീതോത്സവും സെപ്റ്റംബർ 25 ന് ആരംഭിക്കും..
ഇരിങ്ങാലക്കുട: നാദോപാസനയും ശ്രീ കൂടൽമാണിക്യം ദേവസ്വവും സംയുക്തമായി സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് 25ന് തുടക്കമാകും. രാവിലെ 10ന് ഗുരുവന്ദനം. തുടർന്ന് പാലക്കാട് ടി ആർ രാജാമണി മൃദംഗത്തെ കുറിച്ച് സോദോഹരണ പ്രഭാഷണം നടത്തും. വൈകുന്നേരം 5 മണിക്ക് അമ്മന്നൂർ ഗുരുകുലത്തിൽ വച്ച് നടക്കുന്ന 31 – മത് വാർഷികാഘോഷ പരിപാടികൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, നാദോപാസന പ്രസിഡണ്ട് മുരളി ഹരിതം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ വച്ച് മൃദംഗ വിദ്വാൻ മാരായ ഗുരു പാലക്കാട് ടി ആർ രാജാമണി, തൃശൂർ സി നരേന്ദ്രൻ എന്നിവരെ ആദരിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ഗുരു പാലക്കാട് രാജാമണിയുടെ ശിഷ്യന്മാർ അവതരിപ്പിക്കുന്ന “സോഗ സുഖ മൃദംഗ താളമു” എന്ന ലയവിന്യാസം ഗുരുവിന് ആദരവായി അവതരിപ്പിക്കും. 26 മുതൽ ഒക്ടോബർ 4 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ കിഴക്കേ നടപ്പുരയിൽ സംഗീതാർച്ചന നടക്കും. 26ന് പ്രണവം എം.കെ ശങ്കരൻ നമ്പൂതിരിയുടെ വായ്പാട്ട്, 27ന് കലൈമാമണി ഡോക്ടർ ബി വിജയഗോപാലിന്റെപുല്ലാങ്കുഴൽ കച്ചേരി, 28ന് സുധ രഘുരാമന്റെ (ന്യൂഡൽഹി) വായ്പ്പാട്ട്, 29ന് സിദ്ധാർത്ഥ് പ്രകാശിന്റെ (ചെന്നൈ) സംഗീതകച്ചേരി, 30ന് ഡോ.ജി.ബേബി ശ്രീരാമിന്റെ സംഗീതകച്ചേരി ഒക്ടോബർ ഒന്നിന് ഹരി അഗ്നിശർമ്മൻ കപ്പിയൂർ ,രണ്ടിന് മീര രാമോഹൻ, മൂന്നിന് കലൈമാമണി സിക്കിൽ സി ഗുരുചരൺ എന്നിവരും സംഗീത കച്ചേരി അവതരിപ്പിക്കും. ഒക്ടോബർ നാലാം തീയതി ചലച്ചിത്രപിന്നണി ഗായിക ഗായത്രി അശോകന്റെ ഹിന്ദുസ്ഥാനി ഭജനോടുകൂടി ഈ വർഷത്തെ നവരാത്രി സംഗീതോൽസവം സമാപിക്കും. പരിപാടികൾ ഭംഗിയായി നടത്തുന്നതിനുള്ള എല്ലാ ഏർപ്പാടുകളും പൂർത്തിയായതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, സംഘാടകരായ എ എസ് സതീശൻ, പി.നന്ദകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.