സാമ്പത്തിക ക്രമക്കേട്;ജീവനക്കാരൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം; എതിർപ്പുമായി എൽഡിഎഫ്..
ഇരിങ്ങാലക്കുട: സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻ്റ് ചെയ്യപ്പെട്ട നഗരസഭ ജീവനക്കാരൻ്റെ സസ്പെൻഷൻ പിൻവലിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം.നഗരസഭയുടെ പൊറത്തിശ്ശേരിയിലുള്ള സോണൽ ഓഫീസിൽ പ്രവർത്തിച്ചിരുന്ന സീനിയർ ക്ലർക്ക് വി എസ് ജയശങ്കറിന് എതിരെയുള്ള നടപടിയാണ് പിൻവലിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ തുകയും പലിശയും അടപ്പിച്ച് വിവരം നഗരകാര്യ ഡയറക്ടറെ അറിയിക്കാനും നിയമനടപടികൾ തുടരാനും യോഗം തീരുമാനിച്ചു.സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു തൻ്റെ പ്രവ്യത്തിയെന്നും തുകയും പലിശയും അടക്കാമെന്നുമുള്ള ജീവനക്കാരൻ്റെ വിശദീകരണത്തിൻ്റെ അടിസ്ഥാനത്തിലാണ് യോഗ തീരുമാനം. ജീവനക്കാരന് ആവശ്യത്തിന് ശിക്ഷ ലഭിച്ചു കഴിഞ്ഞുവെന്നും തുക തിരിച്ചടപ്പിച്ച് സസ്പെഷൻ ഒഴിവാക്കണമെന്നും മാനുഷിക പരിഗണന കാണിക്കണമെന്നും ഭരണകക്ഷിയംഗങ്ങളായ സുജ സജീവ്കുമാർ, എം ആർ ഷാജു, ജയ്സൻ പാറേക്കാടൻ ,ബിജെപി അംഗങ്ങളായ സന്തോഷ് ബോബൻ, ടി കെ ഷാജു എന്നിവർ ഇത് സംബന്ധിച്ച് നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടു. എന്നാൽ നഗരകാര്യ ഡയറക്റുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി മാത്രം സസ്പെൻഷൻ പിൻവലിച്ചാൽ മതിയെന്ന് പ്രതിപക്ഷത്ത് നിന്ന് അഡ്വ കെ ആർ വിജയയും ചട്ടങ്ങളെ മറികടക്കാൻ കൗൺസിലിന് അധികാരമുണ്ടോയെന്ന് സംശയമുണ്ടെന്ന് അഡ്വ ജിഷ ജോബിയും പറഞ്ഞു. സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ടുവെന്ന പരാതി ജീവനക്കാരന് എതിരെ ഉള്ളതാണെന്നും ഇതറിഞ്ഞിട്ടും ഫ്രണ്ട് ഓഫീസിൽ നിന്നും ക്യാഷർ സ്ഥാനത്തേക്ക് നിയമിക്കുകയായിരുന്നിരുന്നുവെന്നും ഇക്കാര്യത്തിൽ കനത്ത വീഴ്ചയാണ് നഗരസഭക്ക് സംഭവിച്ചതെന്നും നഗരകാര്യ ഡയറക്ടറുടെ അനുമതിയോടെ മാത്രം സസ്പെൻഷൻ പിൻവലിച്ചാൽ മതിയെന്നും എൽഡിഎഫ് അംഗം സി സി ഷിബിനും ആവശ്യപ്പെട്ടു.
വാർഡ് 22 ൽ തോടിന് കുറുകെ സ്ലാബ് നിർമ്മിക്കാൻ സ്വകാര്യ വ്യക്തിക്ക് അനുമതി നല്കുന്നത് പൊതുമരാമത്ത് വകുപ്പിൻ്റെയും എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെയും സംയുക്ത പരിശോധനക്ക് ശേഷം മാത്രം മതിയെന്ന പ്രതിപക്ഷത്തിൻ്റെ നിർദ്ദേശം യോഗം അംഗീകരിച്ചു.12.40 മീറ്റർ നീളത്തിലാണ് സ്ലാബ് നിർമ്മാണമെന്നത് കൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടുന്നതെന്നും പലപ്പോഴും കരാർ പ്രകാരം കാര്യങ്ങൾ നടക്കാറില്ലെന്നും അഡ്വ കെ ആർ വിജയ പറഞ്ഞു.
നഗരസഭ പരിധിയിലെ തെരുവുനായ്ക്കളുടെ വാക്സിനേഷൻ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ചെയർപേഴ്സൺ യോഗത്തിൽ അറിയിച്ചു.മൂർക്കനാട്, കണ്ഠേശ്വര്യം എന്നിവടങ്ങളിൽ ഹെൽത്ത് ആൻ്റ് വെൽനെസ്സ് സെൻ്ററുകൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ചു.