പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട : ചേർപ്പിൽ പട്ടികജാതിക്കാരിയായ പെൺകുട്ടിയെ വിഹാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചയാൾ അറസ്സിലായി. തൃശൂർ പൊങ്ങണംകാട് സ്വദേശി ഓട്ടോക്കാരൻ വീട്ടിൽ റെയ്സനെയാണ് (22 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ് അറസ്റ്റു ചെയ്തത്. മൂന്നു വർഷം മുൻപ് പരിചയപ്പെട്ട യുവതിയുടെ കുടുംബത്തിന്റെ കഷ്ടപ്പാട് മനസ്സിലാക്കി പ്രതി വീട്ടിലെ സാഹചര്യങ്ങൾ പ്രശ്നമല്ലെന്നും വിവാഹം കഴിക്കാൻ താൽപര്യമാണെന്നും പറഞ്ഞ് പെൺകുട്ടിയെ വശത്താക്കുകയായിരുന്നു. പ്രതിയുടെ വീട്ടുകാർക്കും ഇവരുടെ ബന്ധം അറിയാമായിരുന്നെന്നും പറയുന്നുണ്ട്. ഇതിനിടെ ഇയാൾ വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിക്കുകയും എതിർത്ത പെൺകുട്ടിയുടെ കുടുംബം നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പല തവണ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. മദ്യത്തിന് അടിമായ പ്രതി നിരാലംബരായ കുടുംബത്തിന്റെ നിസ്സഹായവസ്ഥ മനസ്സിലാക്കി മദ്യപിച്ച് പലവട്ടം പരാതിക്കാരിയുടെ വീട്ടിലെത്തി സാധുക്കളായ മാതാപിതാക്കളുടെ എതിർപ്പ് വകവയ്ക്കാതെ യുവതിയെ വീട്ടിൽ നിന്നും ഭീഷണിപ്പെടുത്തി നിർബന്ധപൂർവ്വം പരാതിക്കാരിയെ ഇയാൾ വാഹനത്തിൽ കയറ്റി കൊണ്ടുപോയി. ഉൾപ്രദേശത്ത് എത്തിച്ച് ശാരീരിക ബന്ധത്തിന് നിർബന്ധിച്ചപ്പോൾ വഴങ്ങാതിരുന്നതിനെ തുടർന്ന് മർദ്ദിച്ചതായും പരാതിയുണ്ട്. ഇയാളുടെ സ്ഥിരമായ ഉപദ്രവം സഹിക്കവയ്യാതെ യുവതി ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്.
ചേർപ്പ് ഇൻസ്പെക്ടർ ടി.വി.ഷിബു, എസ്.ഐ. ജെ.ജെയ്സൻ, ടി.യു സുരേഷ്, എ.എസ്.ഐ സജിപാൽ, എം സുമൽ സി.പി.ഒ മാരായ നവാസ്,മഹേഷ്, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.