ജില്ലയിലെ ആദ്യ ആന്റി റാബീസ് ക്ലിനിക് ചാലക്കുടിയിൽ വരുന്നു
ജില്ലയിലെ ആദ്യ ആന്റി റാബീസ് ക്ലിനിക് ചാലക്കുടിയിൽ വരുന്നു
ചാലക്കുടി: തൃശ്ശൂർ ജില്ലയിലെ ആദ്യ ആന്റി റാബീസ് ക്ലിനിക് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുന്നതിന് സർക്കാർ അംഗീകാരം ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എംഎൽഎ. ചാലക്കുടി മണ്ഡലത്തിലെ തെരുവുനായ പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് എംഎൽഎ ഇക്കാര്യം അറിയിച്ചത്.
പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പിനുപുറമെ അനുബന്ധചികിത്സ ഉറപ്പുവരുത്തുന്നതിനും ക്ലിനിക്ക് ഉപകരിക്കും. ജില്ലയിലെ പേവിഷ ചികിത്സയുമായി ബന്ധപ്പെട്ട പൂർണവിവരങ്ങളും ഇവിടെ സൂക്ഷിക്കും.
തെരുവുനായ പ്രശ്നം പരിഹരിക്കുവാൻ തദ്ദേശസ്ഥാപനതല ജനകീയസമിതികൾ രൂപീകരിക്കാനും യോഗം തീരുമാനിച്ചു. തീവ്ര വാക്സിനേഷൻ യഞ്ജം നടത്തുക, തെരുവുനായകൾക്കും ഉപേക്ഷിക്കപ്പെട്ട നായകൾക്കുമായുള്ള അഭയകേന്ദ്രങ്ങൾ സജ്ജമാക്കുക, ശുചിത്വ യഞ്ജം സംഘടിപ്പിക്കുക, ഐ ഇ സി ക്യാമ്പയിൻ സംഘടിപ്പിക്കുക, ഈ പ്രവർത്തങ്ങളുടെ ഏകോപനം ഉറപ്പുവരുത്തുന്നതിനൊപ്പം സ്ഥിതിവിവരക്കണക്കുകൾ വിലയിരുത്തുക തുടങ്ങിയവയാണ് ജനകീയ കമ്മറ്റികളുടെ ലക്ഷ്യം.
നഗരസഭാ ചെയർമാൻ എബി ജോർജ്ജ്, പഞ്ചായത്ത് പ്രസിഡൻ്റുമാർ, നോഡൽ ഓഫീസർ എം ശബരീദാസൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എൻ ഷീജ, വെറ്റിനറി വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.