ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വളർത്തുനായകൾക്കായുള്ള വാക്സിനേഷൻ ക്യാമ്പ് ആരംഭിച്ചു; ആദ്യം ദിനം വാക്സിൻ നല്കിയത് 105 വളർത്തുനായകൾക്ക്…
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ വളർത്തുനായകൾക്കായുള്ള വാക്സിനേഷൻ ക്യാമ്പിന് മികച്ച പ്രതികരണം. വളർത്തുനായകൾക്ക് വാക്സിനേഷനും ലൈസൻസും സർക്കാർ നിർബന്ധമാക്കിയ സാഹചര്യത്തിൽ കെഎസ്ആർടിസി പരിസരം, ടൗൺ ഹാൾ പരിസരം, മാർക്കറ്റ് പരിസരം എന്നീ മൂന്ന് കേന്ദ്രങ്ങളിലായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൃഗസംരക്ഷണ വകുപ്പ് ,നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വെറ്റിനറി പോളിക്ലീനിക്കിലെ ഡോ. ആശയുടെ നേത്യത്വത്തിൽ നടത്തിയ ക്യാമ്പിൽ 105 വളർത്തുനായകൾക്കും 5 വളർത്തു പൂച്ചകൾക്കുമാണ് വാക്സിൻ നല്കിയത്.അടുത്ത ഘട്ടമായി സെപ്റ്റംബർ 22 ന് കരുവന്നൂർ ബംഗ്ലാവ് പരിസരം, മാടായിക്കോണം അച്ചുതൻനായർ മൂല, പൊറത്തിശ്ശേരി കണ്ടാരംതറ മൈതാനം എന്നിവടങ്ങളിലും വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്.നഗരസഭ പരിധിയിൽ 41 വാർഡുകളിലുമായി 1200 ഓളം വളർത്തുനായകൾ ഉണ്ടെന്നാണ് എകദേശ കണക്ക്. വളർത്തുനായകൾക്ക് ലൈസൻസും കർശനമാക്കിയിട്ടുണ്ട്.