ഇന്ത്യൻ സ്വച്ഛതാ ലീഗിൽ ഇരിങ്ങാലക്കുട നഗരസഭയും…
ഇരിങ്ങാലക്കുട : മാലിന്യ മുക്തനഗരം നിർമ്മിക്കുന്നതിന് ദേശീയതലത്തിൽ നടത്തുന്ന അന്തർനഗര മൽസരമായ ഇന്ത്യൻ സ്വച്ഛതാ ലീഗിൽ ഇരിങ്ങാലക്കുട നഗരസഭയും പങ്കാളിയാകുന്നു. ഇതിൻ്റെ ഭാഗമായി നടത്തുന്ന പരിപാടികളുടെ മുന്നോടിയായി ലോഗോ പ്രകാശനം നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു. സ്വച്ഛതാ ക്യാമ്പയിന്റെ ഭാഗമായി സെപ്റ്റംബർ 17 ന് നഗരസഭ തലത്തിൽ കുട്ടൻകുളം പരിസരത്ത് നിന്നും ബഹുജന പങ്കാളിത്തത്തോടെ റാലി സംഘടിപ്പിക്കും. നഗരസഭ ബൈപാസ് റോഡ്, ഫാദർ ഡിസ്മസ് റോഡ് എന്നിവിടങ്ങളിൽ ജനകീയ ശുചീകരണപ്രവർത്തങ്ങൾ സംഘടിപ്പിക്കും. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അംബിക പള്ളിപ്പുറത്ത്, സുജ സഞ്ജീവ്കുമാർ, ജെയ്സൺ പാറേക്കാടൻ, സിഡിഎസ് ചെയർപേഴ്സൺമാരായ ഷൈലജ ബാലൻ, പി കെ പുഷ്പാവതി, യൂത്ത് കോർഡിനേറ്റർ പ്രവീൺ ഞാറ്റുവെട്ടി, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ കെ എം സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.