സ്വകാര്യ ബസ്സിടിച്ച് എല്‍കെജി വിദ്യാര്‍ഥിനിക്കും പിതാവിനും പരിക്ക്…
ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട് സ്വകാര്യ ലിമിറ്റഡ് ബസ് സ്‌കൂട്ടറിലിടിച്ച് എല്‍കെജി വിദ്യാര്‍ഥിനിക്കും പിതാവിനും പരിക്ക്. രാവിലെ 8.45 ന് ഇരിങ്ങാലക്കുട ചന്തക്കുന്ന് ജംഗ്ഷനു സമീപം വച്ചായിരുന്നു അപകടം സംഭവിച്ചത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന വെള്ളാങ്ങല്ലൂർ സ്വദേശിയും എരുമക്കാട്ടുപറമ്പില്‍ വീട്ടില്‍ വിന്‍സന്റ് (53), മകള്‍ എല്‍ന (മൂന്ന്) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കു പറ്റിയത്. എല്‍ന ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ്. എല്‍നയെ സ്‌കൂളിലേക്ക് കൊണ്ടുവരുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവര്‍ യാത്ര ചെയ്തിരുന്ന സ്‌കൂട്ടറിനു പിന്നില്‍ അമിത വേഗത്തിലായിരുന്ന സുമംഗലി എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ തകര്‍ന്നു. മറ്റു വാഹനങ്ങളിലും ബസ് ഇടിച്ചിരുന്നു. ഇരുവരെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിന്‍സെന്റിന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ട്. ബസ് നടുറോഡില്‍ കിടന്നതോടെ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുട പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. ബസ് ഡ്രൈവര്‍ കോനിക്കര സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ ജോയല്‍ (25) നെതിരെ കേസ്സെടുത്തു.ബസ്സ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.