ചാലക്കുടിയിൽ ചുഴലിക്കാറ്റ്;പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും വൻനാശം..

ചാലക്കുടിയിൽ ചുഴലിക്കാറ്റ്;പടിഞ്ഞാറെ ചാലക്കുടിയിലും മുരിങ്ങൂരും വൻനാശം..

ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി ഭാഗത്ത് തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ശക്തിയായ ചുഴലിക്കാറ്റിൽ വൻ നാശം. നിരവധി വീടുകളുടെ മേൽക്കൂരകളും വൃക്ഷങ്ങളും ഇലക്ട്രിക് പോസ്റ്റുകളും മറിഞ്ഞുവീണു. പുലർച്ചെ മൂന്നോടെയാണ് ചാലക്കുടിപ്പുഴയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് വീശിയത്.സിഎംഐ പബ്ലിക് സ്കൂളിന്‍റെ സ്റ്റേഡിയം ചുഴലിക്കാറ്റിൽ തകർന്നുവീണു. മോനിപ്പിള്ളി ശിവക്ഷേത്രത്തിലെ നൂറുവർഷത്തിലധികം പഴക്കമുള്ള ആൽമരം മറിഞ്ഞുവീണു. ക്ഷേത്രത്തിന്‍റെ അറ്റകുറ്റപണികൾക്കായി നിർമിച്ചിരുന്ന ഷെഡുകളും കാറ്റിൽ നിലംപൊത്തി.
കോട്ടേക്കാരൻ കെ.ടി.തോമസിന്‍റെ വീടിനു മുകളിൽ മാവു വീണു. മഠത്തിപറമ്പിൽ രവീന്ദ്രന്‍റെ വീടിനു മുകളിലെ ഷീറ്റ് കാറ്റിൽ പറന്നുപോയി. കൂട്ടുപറമ്പൻ പോളിന്‍റെ വീടിന്‍റെ ഷീറ്റും കാറ്റിൽ മറിഞ്ഞുവീണു.
മാള റോഡിൽ അമ്പൂക്കൻ ജോസിന്‍റെ പറമ്പിലെ മരങ്ങൾ കടപുഴകി. ആൻഡ്രൂസ് അരിക്കാടന്‍റെ അമ്പൂക്കൻ ജോർജിന്‍റെയും നിരവധി ജാതിമരങ്ങൾ മറിഞ്ഞുവീണിട്ടുണ്ട്.
കുറ്റിക്കാടൻ ആന്‍റണിയുടെ വീടിന്‍റെ ഷീറ്റുകളും പറന്നുപോയി. കിഴുത്താണി ജോസിന്‍റെ പറമ്പിലെ തേക്കുമരം മറിഞ്ഞുവീണു. കൂടാതെ മാള റോഡിൽ നിരവധി അടക്കാമരങ്ങളും തെങ്ങുകളും മറിഞ്ഞുവീണിട്ടുണ്ട്.
ഓമംഗലത്ത് സുനിലിന്‍റെ ജാതിമരങ്ങളും തെങ്ങും മാവും മറിഞ്ഞുവീണു. ഫയർഫോഴ്സ് എത്തിയാണ് മറിഞ്ഞുവീണ മരങ്ങൾ മുറിച്ചുമാറ്റിയത്.
പടിഞ്ഞാറെ ചാലക്കുടി ഭാഗത്ത് വൻ നാശനഷ്ടമാണ് ചുഴലിക്കാറ്റിൽ ഉണ്ടായത്.മറ്റത്തി വർഗീസിന്‍റെ മോട്ടോർഷെഡിനു മുകളിൽ മരം വീട് ഷെഡ് തകർന്നു. അമ്പൂക്കൻ ജെയിംസിന്‍റെ വീടിന്‍റെ ഷെഡ് കാറിനു മുകളിൽ വീണ് കാറിന് കേടുപാടു പറ്റി.
മിന്നൽ ചുഴലിയിൽ മുരിങ്ങൂരിലും നാശനഷ്ടം.മുരിങ്ങൂർ ഡിവൈൻ കെ.കെറോഡ്,മണൽകടവ്,മണ്ടിക്കുന്ന്, പറുദീസ റോഡ് എന്നിവടങ്ങളിലാണ് കാറ്റ് വീശിയത്.വീടുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഷീറ്റുകൾ ഇളകി മാറി.മരങ്ങളും,വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു.നിരവധി ലൈൻ കമ്പികളും പൊട്ടിയിട്ടുണ്ട്.വൈദ്യുതി ബന്ധം പുന്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Please follow and like us: