തൃപ്രയാർ ബസ്സുകൾ സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയം പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി; വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന നഗരസഭ പരിധിയിലെ അറവുശാലയെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം…

തൃപ്രയാർ ബസ്സുകൾ സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയം പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി; വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന നഗരസഭ പരിധിയിലെ അറവുശാലയെ ചൊല്ലി മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം…

ഇരിങ്ങാലക്കുട: തൃപ്രയാർ, കാട്ടൂർ, മൂന്നുപീടിക ഭാഗത്ത് നിന്ന് വരുന്ന സ്വകാര്യ ബസ്സുകൾ ഠാണാ ചുറ്റാതെ സ്വകാര്യ ബസ്സ് സ്റ്റാൻ്റിൽ ട്രിപ്പ് അവസാനിപ്പിക്കുന്ന വിഷയം പരിഹരിക്കാൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഉൾപ്പെടുന്ന പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും ഓണത്തിന് ശേഷം കമ്മിറ്റി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ്. മാസങ്ങളായി തുടരുന്ന വിഷയം പരിഹരിക്കാനുള്ള നടപടികൾ സംബന്ധിച്ച് താലൂക്ക് വികസന സമിതിയിൽ നല്കിയ ജോയിൻ്റ് ആർടിഒ നല്കിയ വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ അറവുശാല വേണമെന്ന കോടതി നിർദ്ദേശം ഉള്ള സാഹചര്യത്തിലും ഇരിങ്ങാലക്കുട നഗരസഭയിൽ പത്ത് വർഷങ്ങളായി അറവുശാല അടഞ്ഞ് കിടക്കുന്നത് യോഗത്തിൽ ചർച്ചക്ക് കാരണമായി. നിരവധി തവണ വികസന സമിതി യോഗങ്ങളിൽ ഇക്കാര്യം താൻ ഉന്നയിച്ചതാണെന്നും കൃത്യമായ വിശദീകരണം നല്കണമെന്നും മുസ്ലിം ലീഗ് പ്രതിനിധി കെ എ റിയാസുദ്ദീൻ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങളിൽ അറവുശാല പ്രവർത്തിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ അനുമതി ലഭിക്കില്ലെന്നും ആറ് മാസത്തിലോ ഒരു വർഷത്തിനുള്ളിലോ അറവുശാല തുറന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കില്ലെന്നും ആധുനിക രീതിയിലുള്ള അറവുശാലയുടെ നിർമ്മാണത്തിനായുള്ള പതിമൂന്ന് കോടി രൂപയുടെ പദ്ധതി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ടെന്നും കിഫ്ബിയിൽ ഫണ്ട് ഇല്ലാത്തതാണ് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ വൈകുന്നതിന് കാരണമെന്നും യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.പ്രദേശത്തെ ജനങ്ങളുടെ എതിർപ്പാണ് കാരണമെങ്കിൽ ഇത് തുറന്ന് പറയാൻ നഗരസഭ തയ്യാർ ആകണമെന്നും പദ്ധതി യാഥാർഥ്യമാകുമെന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും ലീഗ് പ്രതിനിധി പറഞ്ഞു.
കാട്ടൂർ പൊഞ്ഞനം ഭാഗത്തെ പൈപ്പ് ലൈൻ ലീക്ക് പരിഹരിക്കാൻ രണ്ട് ദിവസത്തിൽ അധികം സമയം വേണമെന്നും പത്ത് പഞ്ചായത്തുകളിലെ ജലവിതരണത്തെ ഇത് ബാധിക്കുമെന്നും നിലവിൽ തന്നെ വിവിധ മേഖലകളിൽ ജലദൗർലഭ്യം നേരിടുന്നുണ്ടെന്നുമുള്ള ജല അതോറിറ്റി അധികൃതരുടെ വിശദീകരണം ശരിയല്ലെന്നും അടിയന്തരഘട്ടത്തിന് വേണ്ടി കാത്ത് നില്ക്കണമെന്ന് പറയുന്നത് ശരിയല്ലെന്നും പൈപ്പ് ലീക്ക് കാരണം റോഡ് നിർമ്മാണ പ്രവ്യത്തികൾ പൂർത്തീകരിക്കാൻ കഴിയുന്നില്ലെന്നും കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ പറഞ്ഞു.
ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് റേഷൻ കാർഡുകൾക്കായി ഓൺലൈനിൽ ഒക്ടോബർ 30 വരെ അപേക്ഷകൾ നല്കാമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.കഴിഞ്ഞ മാസം 118 അപേക്ഷകളാണ് പുതിയ കാർഡിനായി ലഭിച്ചതെന്നും സപ്ലൈ ഓഫീസർ അറിയിച്ചു. കരുവന്നൂർ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തനരഹിതമായി തുടരുന്ന വിഷയം ബന്ധപ്പെട്ടവരെ ധരിപ്പിച്ചിട്ടുണ്ടെന്നും ഓണത്തിന് മുൻപ് പരിഹരിക്കുമെന്നും നഗരസഭ സെക്രട്ടറി യോഗത്തിൽ അറിയിച്ചു.
യോഗത്തിൽ നഗരസഭ വൈസ് – ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു.ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തഹസിൽദാർ കെ ശാന്തകുമാരി സ്വാഗതം പറഞ്ഞു.

Please follow and like us: