എകോപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കായി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന; സണ്ണി സിൽക്ക്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നായി പതിമൂന്ന് കിലോ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു…
ഇരിങ്ങാലക്കുട: എകോപയോഗ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കാനുള്ള സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് പ്രകാരം നഗരസഭ പരിധിയിലെ 90 ഓളം സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന. ബസ് സ്റ്റാൻ്റ് പരിസരം, കൂടൽമാണിക്യ ക്ഷേത്ര പരിസരം, ഠാണാ, മാർക്കറ്റ്, മാപ്രാണം എന്നീ കേന്ദ്രങ്ങളിലെ സ്ഥാപനങ്ങളിൽ നടത്തിയ റെയ്ഡിൽ പതിമൂന്ന് കിലോ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.സണ്ണി സിൽക്ക്സ്, ചാൾസ് ട്രേഡേഴ്സ്, അമുൽ ഐസ് ക്രീം എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് തുണിക്ക് സമാനമായി തോന്നിക്കുന്ന ബാഗുകൾ ഉൾപ്പെടെയുള്ള നിരോധിത ഉൽപ്പന്നങ്ങൾ ഹെൽത്ത് സൂപ്രവൈസർ കെ എം സൈനുദ്ദീൻ്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.ഇവരിൽ നിന്ന് 10,000 രൂപ വീതം പിഴ ഈടാക്കും. എകോപയോഗ പ്ലാസ്റ്റിക്കുകളുടെ നിർമ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന എന്നിവയ്ക്കുള്ള നിരോധനം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് ഇന്നും ഇന്നലെയുമായി പരിശോധനകൾ നടത്തിയത്.എച്ച്ഐ മാരായ അനൂപ്, സജിമോൻ, ജെഎച്ച്ഐമാരായ അജു, പ്രമോദ്, മനോജ്, പ്രസാദ്, ദീപ്തി, പ്രസീജ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.