‘വർണ്ണക്കുട’ യിൽ പെയ്തിറങ്ങിയത് കലാമഴ ; ഒഎൻവിയുടേയും ഭാസ്കരൻ മാഷിൻ്റേയും സ്മൃതികളുണർത്തിയ ഗാനങ്ങളിലൂടെ ആസ്വാദക മനം നിറച്ച് പ്രദീപ് സോമസുന്ദരം …
ഇരിങ്ങാലക്കുട : കോരിചൊരിയുന്ന മഴയിലും ‘വർണ്ണക്കുട’ യുടെ മുഖ്യ വേദിയിൽ കലാസ്വാദകരുടെ മനം നിറയുന്ന കലാപ്രകടനങ്ങളോടെ ‘വർണ്ണക്കുട’ മഹോത്സവം.ബുധനാഴ്ച നടന്ന കുടുംബശ്രീ കലോത്സവത്തിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ സിഡിഎസ്സുകളിൽ നിന്നുമുള്ള വനിതകൾ അവരുടെ കലാപ്രകടനങ്ങൾ കാഴ്ച്ച വെച്ചു.
തുടർന്ന് നടന്ന ഫോക് ഫെസ്റ്റിൽ കാളകളിയും ശേഷം ക്ളാസിക് ഫെസ്റ്റിൽ അപർണ്ണ രാമചന്ദ്രൻ ഭരതനാട്യം അവതരിപ്പിച്ചു. തുടർന്ന് കുച്ചിപ്പുടിയും, മ്യൂസിക്കൽ ഷെയ്ഡ്സ് ഓഫ് സവേരിയും പ്രേക്ഷക പ്രശംസയേറ്റുവാങ്ങി.
വൈലോപ്പിള്ളി വേദിയിൽ നടന്ന സാഹിത്യ സദസ്സിന് മേമ്പൊടി കൂട്ടി ഒഎൻവി, പി ഭാസ്ക്കരൻ എന്നിവർ രചിച്ച ചലച്ചിത്ര ഗാനങ്ങളെ ആസ്പദമാക്കി നടന്ന സംവാദം ചലച്ചിത്ര പിന്നണി ഗായകനും മേരീ ആവാസ് സുനോ റിയാലിറ്റി ഷോ വിജയിയുമായ പ്രദീപ് സോമസുന്ദരം ഉദ്ഘാടനം ചെയ്തു. രാജൻ നെല്ലായി അദ്ധ്യക്ഷത വഹിച്ചു. സജീവൻ മാസ്റ്റർ സ്വാഗതവും അശ്വതി തിര നന്ദിയും പറഞ്ഞു. ഒഎൻവി, പി ഭാസ്ക്കരൻ എന്നിവരുടെ നിരവധി രചനകൾ പ്രദീപ് സോമസുന്ദരം വേദിയിലാലപിച്ചത് നിറഞ്ഞ ഹർഷാരവത്തോടെയാണ് സദസ്സ് എതിരേറ്റത്.
നാളെ രാവിലെ 10 മണിക്ക് മുനിസിപ്പൽ ടൗൺ ഹാളിലെ വേദിയിൽ ഭിന്നശേഷി കലോത്സവവും മുഖ്യ വേദിയായ അയ്യങ്കാവ് മൈതാനത്ത് സാഹിത്യോത്സവവും അരങ്ങേറും. ഇരിങ്ങാലക്കുട എംഎൽഎ യും സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ.ആർ ബിന്ദുവിൻ്റെ നേതൃത്വത്തിലാണ് നിയോജക മണ്ഡലത്തിലെ എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ട് ‘വർണ്ണക്കുട’ കലാ-കായിക-കാർഷിക മഹോത്സവം അണിയിച്ചൊരുക്കുന്നത്.