ഓപ്പറേഷൻ ഭഗീരഥ ;തൊഴിലുടമയെ അക്രമിച്ച് പണം കവർന്ന് കടന്ന അന്യസംസ്ഥാന തൊഴിലാളികൾ നാൽപത്തെട്ടു മണിക്കൂറിനകം പിടിയിൽ;കൊലപ്പെടുത്താൻ ശ്രമിച്ച് കവർന്നത് ഒന്നേകാൽ ലക്ഷം രൂപ;
അക്രമം നടത്തിയത് ഉടമയുടെ കയ്യിൽ പത്ത് ലക്ഷത്തോളം രൂപയുണ്ടാകാമെന്ന ധാരണയിൽ…
കൊടകര: വ്യാപാരിയെ ക്രൂരമായി ആക്രമിച്ച് പണം കവർന്ന് മുങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന്റെ പിടിലായി.
വ്യാപാരിയെ ആക്രമിച്ച് പണം കവർച്ച ചെയ്ത കേസിലാണ് അന്യസംസ്ഥാന രണ്ട് തൊഴിലാളികൾ പോലീസ് പിടിയിലായത്.ദേശീയപാതയോരത്ത് നെല്ലായിൽ മെറ്റൽസ് വ്യാപാരം നടത്തി വരുന്ന പുലക്കാട്ടുകര കൊടക്കാട്ടിൽ ഗോപി എന്ന വ്യാപാരിയെ അക്രമിച്ച് പണം കവർന്ന കേസിലാണ് അറസ്റ്റ് . നാട്ടുകാരെ ഭീതിയിലാഴ്ത്തിയ സംഭവത്തിൽ സംസ്ഥാനം വിട്ട പ്രതികളെ നാൽപത്തെട്ടു മണിക്കൂറിനകം പോലീസിന്റെ സമർത്ഥമായ അന്വേഷണത്തിലാണ് പിടികൂടിയത്.
ബിഹാർ പാറ്റ്ന സ്വദേശികളായ ആനന്ദകുമാർ ഗോസ്വാമി (23 വയസ്) ബീംസോനകുമാർ ( 22 വയസ്) എന്നിവരാണ് പോലീസ് പിടിയിലായത് .
സ്ഥാപനം പൂട്ടി ബാങ്കിൽ പണം നിക്ഷേപിക്കാൻ പുതുക്കാടേക്ക് പോവുകയായിരുന്ന ഗോപിയോട് തങ്ങളും പുതുക്കാടിന് ഉണ്ടെന്ന് പറഞ്ഞ് കാറിൽ കയറുകയായിരുന്നു ഇരുവരും. രണ്ട് വർഷമായി തൻ്റെ സ്ഥാപനത്തിലെ ജീവനക്കാരനായ ആനന്ദകുമാർ ഗോസാമി ഗോപിയുടെ വിശ്വസ്തനായ ജീവനക്കാരനായിരുന്നു. ബീം സോനകൂമാർ ആനന്ദ് കുമാറിൻ്റെ സുഹൃത്തും നാട്ടുകാരനും പുതുക്കാട് മറ്റൊരു സ്ഥാപനത്തിലെ ജീവനക്കാരനുമായിരുന്നു.കാറിൽ സഞ്ചരിക്കുന്നതിനിടെ ഗോപിയെ ബീം സോന കുമാർ തൻ്റെ കൈവശം സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് കഴുത്തിൽ വെച്ച് ഭീഷണിപ്പെടുത്തുകയും ആനന്ദ് കുമാർ ഗോസ്വാമി ഗോപിയെ കാറിൽ വെച്ച് ആക്രമിക്കുകയായിരുന്നു.തുടർന്ന് ഗോപിയെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് പണം അടങ്ങിയ ബാഗുമായി ഇരുവരും മുങ്ങുകയായിരുന്നു.
അക്രമണത്തിന് ഇരയായ ഗോപിയെ തൃശ്ശരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇയാൾ ഇതുവരെ അപകടനില തരണം ചെയ്ത്ട്ടില്ല.
സംഭവത്തെ തുടർന്ന് കൊടകര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ചാലക്കുടി ഡിവൈഎസ്പി സി ആർ സന്തോഷ് , കൊടകര സി ഐ ജയേഷ് ബാലൻ എന്നിവരുടെ നേത്യത്വത്തിലുള്ള പോലീസ് സംഘം നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത് കൂടാതെ കേരളത്തിലേയും തമിഴ്നാട് ,കർണ്ണാടക സംസ്ഥാനങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ ,ബസ് സ്റ്റാൻ്റുകൾ മുതലായവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ബാഗ്ലൂരിൽ നിന്ന് പിടികൂടാനായത്.
ചാലക്കുടി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനു മോൻ തച്ചേത്ത്, സി.എ.ജോബ്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു.സിൽജോ. എ.യു റെജി, ഷിജോ തോമസ് എന്നിവരും കൊടകര സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരായ അനൂപ്, ഷിബു , എഎസ്ഐ റെജിമോൻ, സീനിയർ സിപിഒമാരായ ബൈജു എം.എസ്, കിഷോർ, ലിജോൺ , റെനീഷ്, ഷിജുമേൻ , സിപിഒ ബിനു എന്നിവരുമടങ്ങിയ സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികളുടെ കൈയ്യിൽ നിന്നും കവർച്ച ചെയ്തു കൊണ്ടുപോയ പണവും കുത്താൻ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. കൊടകരയിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിൽ ആനന്ദിന് നാട്ടിലുണ്ടായ സാമ്പത്തികബാധ്യത തീർക്കുന്നതിനാണ് ഈ കൃത്യം ചെയ്തതെന്ന് സമ്മതിച്ചു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും മറ്റും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.