തീരദേശവാസികളുടെ ആകുലതകൾ അകറ്റുവാൻ സർക്കാർ മുന്നോട്ടുവരണമെന്ന് ബിഷപ്പ് മാര്‍ പോളികണ്ണൂക്കാടന്‍;തീരദേശവാസികളുടെ സമരത്തിന് ഐക്യദാർഡ്യവുമായി കത്തീഡ്രല്‍ സിഎല്‍സി..
ഇരിങ്ങാലക്കുട: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തീരദേശജനങ്ങളുടെ ആകുലതകൾ അകറ്റുവാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. അതിജീവനത്തിനായി തീരദേശവാസികള്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. മത്സ്യതൊഴിലാളികള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ഏറെയാണ്. കടല്‍തീരം ഇല്ലാതാകുമ്പോള്‍, പാവപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങളും വീടുകളും കടല്‍ കയറി നശിപ്പിക്കപ്പെടുമ്പോള്‍ അതിനു പരിഹാരം കണ്ടെത്തേണ്ടത് തുറമുഖ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. പുനരധിവാസം എങ്ങുമെത്താത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. വര്‍ഷങ്ങളായി സിമന്റ് ഗോഡൗണില്‍ കഴിയുന്ന പാവപ്പെട്ട തീരദേശവാസികള്‍ക്ക് പുനരധിവാസത്തിന് സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നുള്ളത് ദുഖകരമായ കാര്യമാണെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു. ചിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട്, ഹൊസൂര്‍ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കത്തീഡ്രല്‍ സിഎല്‍സി പ്രസിഡന്റ് ഡേവിസ് ഷാജു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. അനൂപ് പാട്ടത്തില്‍, സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍, ഫൊറോന ഓര്‍ഗനൈസര്‍ ജിജു കോട്ടോളി, ആനിമേറ്റര്‍ റോസിലി ജെയിംസ്, സെക്രട്ടറി ടെല്‍വിന്‍ ജോസഫ്, വൈസ് പ്രസിഡന്റ് അജയ് ബിജു, ജൂണിയര്‍ സിഎല്‍സി ഓര്‍ഗനൈസര്‍ റോഷന്‍ ജോഷി, പ്രീന പയസ്, അഞ്ജന ബിജു, അജില്‍ രഞ്ചി, സിറില്‍ പോള്‍, ജോസ്റ്റിന്‍ ജോയ് എന്നിവര്‍ പ്രസംഗിച്ചു.