3ജി മോഡൽ അങ്കണവാടിയുമായി ആളൂർ പഞ്ചായത്ത്; അങ്കണവാടികൾ പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്രങ്ങളെന്ന് മന്ത്രി ഡോ. ആർ ബിന്ദു

3ജി മോഡൽ അങ്കണവാടിയുമായി ആളൂർ പഞ്ചായത്ത്; അങ്കണവാടികൾ പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്രങ്ങളെന്ന് മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട: പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്രങ്ങളാണ് അങ്കണവാടികളെന്ന് ഉന്നത വിദ്വാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ വികസന പ്രവർത്തനങ്ങളിലും സർക്കാരിന്റെ വിവിധ പദ്ധതികളിലും അങ്കണവാടി പ്രവർത്തകരുടെ സാന്നിധ്യം
സജീവമാണ്. ഈ കേന്ദ്രങ്ങൾ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
ആളൂർ പഞ്ചായത്തിലെ 20-ാം വാർഡിലെ 124-ാം നമ്പർ 3ജി മോഡൽ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെയുളളവരെ ഒരു കുടകീഴിൽ കൊണ്ടുവരുന്ന 3 ജി മോഡൽ അങ്കണവാടിയാണ് ആളൂരിൽ ഒരുങ്ങുന്നത്.
ഒരു വയസിൽ താഴെയുള്ള കുട്ടികളുടെ ഡേ കെയർ സെന്ററും അങ്കണവാടിയായും 65 വയസിന് മുകളിലുള്ളവർക്കുളള പകൽവീടായും സ്ത്രീകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കുളള ആശ്വാസകേന്ദ്രമായും അങ്കണവാടി മാറും. കൗമാരക്കാർ മുതൽ പ്രായമായവർ വരെയുള്ള സ്ത്രീകൾ അഭിമുഖീകരിക്കുന്ന മാനസികവും സാമൂഹികവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക കൂടിയാണ് 3ജി അങ്കണവാടിയിലൂടെ ലക്ഷ്യമിടുന്നത്.

നിലവിൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. പഞ്ചായത്തിലെ പത്തര സെന്റോളം വരുന്ന പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തിയാണ് കളിസ്ഥലം ഉൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ ഇവിടെ അങ്കണവാടി നിർമ്മിക്കുന്നത്. മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻ മാഷിന്റെ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയ 25 ലക്ഷം രൂപയാണ് നിർമ്മാണത്തിനായി വകയിരുത്തുന്നത്. ലൈബ്രറി, സ്പോർട്സ് ഉപകരണങ്ങൾ, ഇന്റർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ, ടെലിവിഷൻ എന്നീ സൗകര്യങ്ങളും കെട്ടിടത്തിൽ ഉണ്ടാകും.

90.39 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ വരാന്ത, ക്ലാസ് മുറി, സ്റ്റോർ റൂം, അടുക്കള, രണ്ട് ടോയ്‌ലറ്റുകൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ വയോജനങ്ങൾക്കായി വിശ്രമമുറിയും ബോധവത്ക്കരണ ക്ലാസുകളും മറ്റും നടത്തുന്നതിനായി മീറ്റിംഗ് ഹാൾ എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എംഎൽഎ പ്രൊഫ.കെ യു അരുണൻ മാസ്റ്റർ മുഖ്യാതിഥിയായി. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സുരേഷ്, പഞ്ചായത്ത് ആരോഗ്യ- വിദ്വാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ അഡ്വ.എം എസ് വിനയൻ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപ്പച്ചൻ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, ബ്ലോക്ക് – പഞ്ചായത്ത് മെമ്പർമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു.

Please follow and like us: