മഴയിൽ ഇടിഞ്ഞ കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ സംരക്ഷണഭിത്തി പുനർനിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്…
ഇരിങ്ങാലക്കുട: കഴിഞ്ഞ ശക്തമായ വേനൽ മഴയിൽ കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റെഗുലേറ്ററിന് സമീപം തകർന്ന സൗത്ത് ബണ്ട് റോഡ് പാർശ്വസംരക്ഷണ ഭിത്തി പുനർ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്.മെയ് 15 നാണ് കാറളം പഞ്ചായത്തിനെ കൊടുങ്ങല്ലൂർ-തൃശ്ശൂർ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന കരുവന്നൂർ സൗത്ത് ബണ്ട് റോഡിന്റെ പുഴയോരം ഇല്ലിക്കൽ റെഗുലേറ്ററിന് സമീപം ശക്തമായ മഴയിൽ ഇടിഞ്ഞുതാണത്.ഇതുവഴിയുള്ള ഗതാഗതം അപകടത്തിലാകുകയും ചെയ്തിരുന്നു.
ഇരിങ്ങാലക്കുട എം.എൽ.എയും,ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രിയുമായ ഡോ.ആർ.ബിന്ദുവിന്റെ ഇടപെടലിന്റെ തുടർന്ന് സംസ്ഥാന സർക്കാർ പാർശ്വഭിത്തിയുടെ അടിയന്തിര പുനർ നിർമ്മാണത്തിനായി 17 ലക്ഷം രൂപ അനുവദിക്കുകയും,അതിവേഗം ഭരണാനുമതിയും,സാങ്കേതികാനുമതിയും ലഭ്യമാക്കുകയും ചെയ്തിരുന്നു.
തുടർന്ന് ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.
തൃശ്ശൂർ മേജർ ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണ ചുമതല.