ആഗോളവല്ക്കരണത്തിൻ്റെ വരവോടെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായും ഇവ തടയാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും സിപിഐ നേതാവ് ആനി രാജ; നവലിബറൽ കാലഘട്ടത്തിൽ സ്ത്രീകൾ നാനാമുഖങ്ങളായ യാതനകളിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ആഗോളവല്ക്കരണത്തിൻ്റെ വരവോടെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായും ഇവ തടയാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും സിപിഐ നേതാവ് ആനി രാജ; നവലിബറൽ കാലഘട്ടത്തിൽ സ്ത്രീകൾ നാനാമുഖങ്ങളായ യാതനകളിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട: ആഗോളവല്ക്കരണത്തിൻ്റെ വരവോടെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ.ഇവ തടയാനുള്ള ഒരു സംവിധാനവും ഒരു രാജ്യത്തിലുമില്ലെന്നും സർക്കാരുകൾ വിഷയം അവഗണിക്കുകയാണെന്നും സിപിഐ നേതാവ് പറഞ്ഞു.സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായി  ‘ആഗോളീകരണകാലത്തെ സ്ത്രീപക്ഷ കാഴ്ചപ്പാടുകൾ ‘ എന്ന വിഷയത്തിൽ ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച വനിതാ സെമിനാർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. അതിക്രമങ്ങൾ വർധിച്ചതിനോടൊപ്പം തന്നെ തൊഴിൽ മേഖലയിൽ നിന്ന് സ്ത്രീകൾ അപ്രത്യക്ഷരാകുന്ന കാഴ്ചക്കുമാണ് സാക്ഷ്യം വഹിക്കുന്നത് .പതിനഞ്ചിനും നാല്പതിനുമിടക്കുള്ള സ്ത്രീകളിൽ 67 ശതമാനവും പോഷകാഹാരക്കുറവിനെ തുടർന്നുള്ള വിളർച്ച നേരിടുന്നതായിട്ടാണ് ഔദ്യോഗിക കണക്ക്. കുഞ്ഞുങ്ങളിലുള്ള വിളർച്ച കൂടുതൽ ഉള്ളത് ഗുജറാത്ത് സംസ്ഥാനത്തിലുമാണ്. ആഗോള വല്ക്കരണത്തിന് ശേഷമാണ് റേഷൻ വ്യവസ്ഥ അട്ടിമറിച്ചതും പൊതു വിദ്യാലയങ്ങളിലേക്കും അംഗൻവാടികളിലേക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചതെന്നും സിപിഐ നേതാവ് പറഞ്ഞു. പാർലമെൻ്റിനെ  ഉപയോഗിച്ച് അഴിമതിയെ നിയമവല്ക്കരിക്കുകയാണ് അവശ്യവസ്തുനിയമ ഭേദഗതിയിലൂടെയും ഇലക്ടറൽ ബോണ്ട്, പിഎം കെയേഴ്സ് പദ്ധതികളിലൂടെയും ബിജെപി സർക്കാർ ചെയ്യുന്നത്.രാഷ്ട്രീയ പ്രവർത്തനത്തിലെ ഭാഷ മഹാ ഭൂരിപക്ഷത്തിൻ്റേതായി മാറി. ചോദ്യം ചെയ്യുന്നവരെ അർബൻ നക്സലെന്നും ദേശവിരുദ്ധമെന്നും മുദ്ര കുത്തി ജയിലിൽ ഇടുകയാണ്. ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് വേണ്ടി പോരാടിയവർ വരെ ഇന്ന് നിയമ നടപടികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്.രാജ്യത്തെ ദേശീയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും ഇന്ന് ഫാസിസ്റ്റ് ശക്തികളുടെ കൂടെയാണ്. ഹിന്ദു മതത്തിൻ്റെ ചടങ്ങുകളും ആചാരങ്ങളും രാഷ്ട്രത്തിൻ്റെ ആചാരങ്ങളായി മാറിയെന്നും റിപ്പബ്ലിക് ചടങ്ങുകൾ തൽസമയ സംപ്രേഷണം ചെയ്യുന്ന മാതൃകയിൽ മാധ്യമങ്ങൾ ഇവ സംപ്രേഷണം ചെയ്യുകയാണെന്നും ആനി രാജ പറഞ്ഞു.

നവലിബറൽ കാലഘട്ടത്തിൽ നാനാമുഖങ്ങളായ യാതനകളിലൂടെയാണ് സ്ത്രീകൾ കടന്ന് പോകുന്നതെന്ന് നേരത്തെ പ്രഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ചൂണ്ടിക്കാട്ടി. ജന്മിത്ത വ്യവസ്ഥ സ്ത്രീകളെ വീട്ടിലെ  അടിമകളായി നിലനിർത്തിയെങ്കിൽ, മുതലാളിത്ത വിപണിയിൽ സ്ത്രീകൾ ചരക്കുകൾ ആയിട്ടാണ് കാണുന്നത്.ദേശീയ സമരത്തിൽ സാന്നിധ്യം തെളിയിച്ച സ്ത്രീകളുടെ  അവസ്ഥ രാജ്യം സ്വാതന്ത്ര്യം ലഭിച്ച്  എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്ന വേളയിൽ വിലയിരുത്തേണ്ടതുണ്ട്. ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ അതിക്രമത്തിന് വിധേയയായി കൊണ്ടിരിക്കുകയാണ്. കോവിഡ് കാലഘട്ടത്തിൽ സ്ത്രീകൾക്ക് എതിരായ ഗാർഹിക പീഡനങ്ങൾ വർധിച്ചതായിട്ടാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പുരോഗമന കേരളത്തിലും സ്ത്രീധനത്തിൻ്റെ പേരിലുള്ള ആത്മഹത്യകൾ അരങ്ങേറുകയാണെന്നും മന്ത്രി പറഞ്ഞു.

ടൗൺ ഹാളിൽ നടന്ന സെമിനാറിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഷീല വിജയകുമാർ അധ്യക്ഷയായിരുന്നു.മുൻമന്ത്രി വി എസ് സുനിൽകുമാർ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അഡ്വ ടി ആർ രമേഷ്കുമാർ, കെ ശ്രീകുമാർ, ടി കെ സുധീഷ്, ഷീല അജയഘോഷ്, ലത സഹദേവൻ, അനിത രാധാക്യഷ്ണൻ, മുൻ എംഎൽഎ ഗീത ഗോപി തുടങ്ങിയവർ പങ്കെടുത്തു.മഹിളാ സംഘം ജില്ലാ സെക്രട്ടറി എം സ്വർണ്ണലത ടീച്ചർ സ്വാഗതവും സിപിഐ മണ്ഡലം സെക്രട്ടറി പി മണി നന്ദിയും പറഞ്ഞു.

Please follow and like us: