ഭൂരഹിതരില്ലാത്ത കേരളം ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ; ആളൂർ വില്ലേജ് ഓഫീസും ഇനി സ്മാർട്ട്; നിർമ്മാണം പൂർത്തീകരിച്ചത് 44 ലക്ഷം രൂപ ചിലവിൽ..
ഇരിങ്ങാലക്കുട:ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ. എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്ന പ്രഖ്യാപനവും അത് പ്രാവർത്തികമാക്കലും ഇതിൻ്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ആളൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില്ലേജ് ഓഫീസിലേക്ക് കയറിവരുന്ന സാധാരണക്കാരൻറെ കൈയിലുളള വെളിച്ചം കെടാതെ സൂക്ഷിക്കുമ്പോഴാണ് വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതെന്ന് ഓരോ ഓഫീസർമാരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ വകുപ്പിൻ്റെ സമ്പൂർണ ഡിജിറ്റലൈസേഷൻ്റെ ഭാഗമായിട്ടുള്ള പ്രവർത്തനമാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളെന്നും മന്ത്രി കൂട്ടിചേർത്തു.
സംസ്ഥാന സർക്കാരിൻ്റെ സമഗ്ര വികസന, സാമൂഹ്യനീതിയിലധിഷ്ഠിതമായ കാഴ്ചപ്പാടുകളാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
റീ ബിൽഡ് കേരള 2020 -21 വില്ലേജ് ഓഫീസ് അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് ഓഫീസിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. സംസ്ഥാന നിർമിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല.
ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ.ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. കലക്ടർ ഹരിത വി കുമാർ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ, പഞ്ചായത്ത് പ്രസിഡൻറ് ജോജോ കെ ആർ, വൈസ് പ്രസിഡൻറ് രതി സുരേഷ്, ബ്ലോക്ക് -പഞ്ചായത്ത് മെമ്പർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.