ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന പി ആർ ബാലൻമാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി ഒൻപതാം വാർഷികത്തിലേക്ക്; സാന്ത്വനമായി മാറുന്നത് മണ്ഡലത്തിലെ 350 ഓളം കിടപ്പുരോഗികൾക്ക്;കേരളീയ സമൂഹത്തിൽ പാലിയേറ്റീവ് കെയർ പ്രസ്ഥാനം ശക്തമായി മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു…

ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന പി ആർ ബാലൻമാസ്റ്റർ മെമ്മോറിയൽ സൊസൈറ്റി ഒൻപതാം വാർഷികത്തിലേക്ക്; സാന്ത്വനമായി മാറുന്നത് മണ്ഡലത്തിലെ 350 ഓളം കിടപ്പുരോഗികൾക്ക്;കേരളീയ സമൂഹത്തിൽ പാലിയേറ്റീവ് കെയർ പ്രസ്ഥാനം ശക്തമായി മുന്നോട്ട് പോകേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു…

ഇരിങ്ങാലക്കുട: കേരളീയ സമൂഹത്തിൽ സാന്ത്വനപരിചരണ പ്രസ്ഥാനം ശക്തമായ നിലയിൽ മുന്നോട്ട് പോകേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു.ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ ഒൻപതാം വാർഷിക ജനറൽ ബോഡി യോഗം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിത്യ ദുരിതത്തിൽ കഴിയുന്നവരുടെ എണ്ണം സമൂഹത്തിൽ വർധിച്ച് വരികയാണ്.സർക്കാർ തലത്തിൽ പാലിയേറ്റീവ് രോഗികൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി നിരവധി പദ്ധതികൾ ഉണ്ടെങ്കിലും തികയാതെ വരുന്ന അവസ്ഥയാണുള്ളത്.അർബുദ രോഗികളുടെ എണ്ണവും വർധിച്ച് വരികയാണ്.ജീവൻ രക്ഷാമരുന്നുകളുടെ ആവശ്യവും കൂടി വരികയാണ്. പാലിയേറ്റീവ് കെയർ പ്രസ്ഥാനങ്ങളുടെ പ്രസക്തി ഈ സാഹചര്യത്തിൽ വർധിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.
യോഗത്തിൽ സൊസൈറ്റി ചെയർമാൻ ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. സൊസൈറ്റിക്ക് വേണ്ടി തങ്ങളുടെ അഞ്ച് സെൻ്റ് ഭൂമി സൗജന്യമായി സംഭാവന ചെയ്ത എ ജെ റപ്പായിയെ ചടങ്ങിൽ ആദരിച്ചു.മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ, രക്ഷാധികാരി വി എ മനോജ്കുമാർ, സെക്രട്ടറി ടി എൽ ജോർജ്ജ്, വൈസ് – പ്രസിഡണ്ട് കെ പി ദിവാകരൻ മാസ്റ്റർ,ജോയിൻ്റ് സെക്രട്ടറി കെ സി പ്രേമരാജൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ലത ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, ഷീജ പവിത്രൻ, സീമ പ്രേംരാജ്, എ ജെ റപ്പായിയുടെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.കോർഡിനേറ്റർ പ്രദീപ് മേനോൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം കെ കെ സുരേഷ്ബാബു നന്ദിയും പറഞ്ഞു. സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആർദ്രം സാന്ത്വന പരിപാലനകേന്ദ്രം മണ്ഡലത്തിലെ 350 ഓളം കിടപ്പുരോഗികൾക്കാണ് പരിചരണം, മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, ഭക്ഷണം, ആംബുലൻസ് സർവീസ് എന്നിവ നല്കുന്നത്.

Please follow and like us: