ഇരിങ്ങാലക്കുട മണ്ഡലത്തിൽ മഴക്കെടുതികൾ തുടരുന്നു; കൂടുതൽ പേർ ദുരിതാശ്വാസക്യാമ്പുകളിലേക്ക്;മാപ്രാണത്തും എടതിരിഞ്ഞിയിലും വീടുകൾ ഭാഗികമായി തകർന്നു..
ഇരിങ്ങാലക്കുട: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും അണക്കെട്ടുകളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയതോടെ പുഴകളുടെ ജലനിരപ്പ് ഉയർന്ന് വീടുകളിൽ വെള്ളക്കെട്ടിൽ ആയതോടെ കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്. കാറളം പഞ്ചായത്തിൽ ഇളമ്പുഴ, നന്തി തുടങ്ങിയ മേഖലകളിൽ നിന്നായി അമ്പതോളം പേരാണ് കാറളം എഎൽപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഉള്ളത്. കൂടുതൽ പേർ ക്യാമ്പുകളിലേക്ക് വന്ന് കൊണ്ടിരിക്കുന്നതായി അധികൃതർ സൂചിപ്പിക്കുന്നുണ്ട്. കാറളം പഞ്ചായത്തിൽ തന്നെ താണിശ്ശേരി ഡോളേഴ്സ് പളളി സ്കൂളിൽ ഉള്ള ക്യാമ്പിൽ പതിന്നാല് പേരാണുള്ളത്.
ആളൂർ പഞ്ചായത്തിൽ ചാലക്കുടി പുഴയിൽ നിന്നുള്ള വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്നായി അറുപതിൽ അധികം കുടുംബങ്ങൾ വീടുകൾ ഒഴിഞ്ഞ് പോയിക്കഴിഞ്ഞു.പഞ്ചായത്തിലെ രണ്ട് ക്യാമ്പുകളിലായി 103 പേർ ഇപ്പോൾ ഉണ്ട്.
പടിയൂർ പഞ്ചായത്തിൽ എച്ച്ഡിപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി എട്ട് പേരാണുള്ളത്. കൂടുതൽ കുടുംബങ്ങൾ ക്യാമ്പുകളിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പഞ്ചായത്തിലെ കൂത്തു മാക്കൽ, ചെട്ടിയാൽ അംബേദ്കർ കോളനി, മഴുവഞ്ചേരി തുരുത്ത്, പെരുന്തറ എന്നീ മേഖലകളിൽ വെളളം ഒഴിഞ്ഞ് പോയിട്ടില്ല. മഴയിൽ എടതിരിഞ്ഞി വടക്കുമുറി പട്ടാലി കൊച്ചുകുമാരൻ ഭാര്യ ചിത്രലേഖയുടെ ഓടിട്ട വീട് ഭാഗികമായി തകർന്നിട്ടുണ്ട്.
കാട്ടൂർ പഞ്ചായത്തിൽ കരാഞ്ചിറ സെൻ്റ് സേവേഴ്സ് സ്കൂളിലെ ക്യാമ്പിൽ ഇരുപതോളം പേരാണ് ഉള്ളത്. മധുരംപ്പിളളി, പറയൻകടവ് തുടങ്ങിയ മേഖലകളിൽ വെളളക്കെട്ട് തുടരുകയാണെന്ന് അധികൃതർ പറയുന്നു.
പൂമംഗലം പഞ്ചായത്തിൽ എടക്കുളം സ്കൂളിലെ ക്യാമ്പിൽ അഞ്ച് കുടുംബങ്ങളിൽ നിന്നായി 13 പേരാണുള്ളത്. പാടങ്ങളോട് ചേർന്നുള്ള വീടുകളാണ് വെള്ളക്കെട്ടിലുള്ളത്.
വേളൂക്കര പഞ്ചായത്തിൽ നടവരമ്പ് സ്കൂളിലെ ക്യാമ്പിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി ആറ് പേരാണുള്ളത്.മുരിയാട് പഞ്ചായത്തിൽ ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളം എത്തിയതോടെ മുരിയാട് കായലിൻ്റെ കോന്തിപുലം ഭാഗത്ത് ജലനിരപ്പ് ഉയർന്നിട്ടുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്ന് അധികൃതർ പറയുന്നു. പഞ്ചായത്തിൽ നിലവിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല.
ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് 17 ൽ നിന്നായി മൂന്ന് കുടുംബങ്ങളിലായി 17 പേർ 137 നമ്പർ അംഗൻവാടിയിലുണ്ട്.പീച്ചംപ്പിള്ളിക്കോണം കാരക്കടവ് കോളനി വെള്ളക്കെട്ടിൽ ആയതോടെ മാപ്രാണം സ്കൂളിൽ ക്യാമ്പ് ആരംഭിക്കാനുള്ള നടപടികളിലേക്ക് അധികൃതർ കടന്ന് കഴിഞ്ഞു.നഗരസഭയിൽ മാപ്രാണം താഴത്ത് വീട്ടിൽ തങ്കയുടെ ഓടിട്ട വീടിൻ്റെ ചുമർ തുടർച്ചയായ മഴയിൽ തകർന്നിട്ടുണ്ട്.ഇവർ ബന്ധുവീട്ടിലേക്ക് മാറിക്കഴിഞ്ഞു.