പട്ടാപകല്‍ വൃദ്ധയുടെ മാല കവര്‍ന്ന സംഭവം;പോലീസ് അന്വേഷണം ഊർജ്ജിതം; നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്..
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം പട്ടാപകല്‍ വൃദ്ധയുടെ രണ്ടര പവനോളം വരുന്ന സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മാടായിക്കോണം അച്ചുതന് നായര്‍മൂല ജംഗ്ഷനു സമീപം താമസിക്കുന്ന പൊറ്റയില്‍ വീട്ടില്‍ സുഭദ്ര (91) യുടെ മാലയാണ് കവര്‍ന്നത്. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തിയിരുന്നു. തൃശൂരില്‍ നിന്നുള്ള വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും വീട്ടില്‍ വന്ന് തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്കാഡിലെ സ്വീറ്റി എന്ന നായയെ അന്വേഷണത്തിനായി കൊണ്ടുവന്നിരുന്നു. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനീഷ് കരീം, പ്രിന്‍സിപ്പല്‍ എസ്ഐ എം.എസ്. ഷാജന്, എസ്ഐ എം.കെ. അനില്‍കുമാര്‍ എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തി. സാധ്യമായ എല്ലാ തെളിവുകളും ശേഖരിച്ചു. 40 വയസ് പ്രായം തോന്നിക്കുന്ന ഒരാള്‍ ബൈക്കില്‍ വരികയും മകന്റെ സുഹൃത്താണെന്നും പറഞ്ഞാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഈ സമയം സുഭദ്ര മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. വൃദ്ധയുമായി സൗഹൃദ സംഭാഷണം നടത്തുന്നതിനിടെ മാല പൊട്ടിച്ചോടുകയായിരുന്നു മോഷ്ടാവ് ചെയ്തത്. മോഷണത്തിനിടയില്‍ വൃദ്ധക്ക് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുഭഭ്ര. വീട്ടിനകത്തെ മുറിയില്‍ നിന്നും മോഷ്ടാവിന്റേതെന്നു കരുതുന്ന മാസ്ക് കണ്ടെത്തിയിട്ടുണ്ട്. ഈ മാസ്കില്‍നിന്നും മണം പിടിച്ചാണ് നായ മെയിന്‍ റോഡിലൂടെ കിഴക്കോട്ട് അരകിലോമീറ്ററോളം പോയത്.