കനത്ത മഴ; ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്; നഗരസഭ പരിധിയിൽ അഞ്ച് വീടുകൾ അപകട ഭീഷണിയിൽ; കാറളത്ത് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു; കിഴുത്താണിയിൽ കിണറുകൾ ഇടിഞ്ഞു; ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി അധികൃതർ..

കനത്ത മഴ; ഇരിങ്ങാലക്കുട മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്; നഗരസഭ പരിധിയിൽ അഞ്ച് വീടുകൾ അപകട ഭീഷണിയിൽ; കാറളത്ത് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു; കിഴുത്താണിയിൽ കിണറുകൾ ഇടിഞ്ഞു; ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി അധികൃതർ..

ഇരിങ്ങാലക്കുട: കനത്ത മഴയിൽ മണ്ഡലത്തിൽ വ്യാപക നഷ്ടം.കഴിഞ്ഞ ദിവസം രാത്രിയും തുടർന്ന ശക്തമായ മഴയിൽ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പകൽ മഴ കുറഞ്ഞതോടെ വെള്ളം ഇറങ്ങിയെങ്കിലും കനത്ത മഴ സംബന്ധിച്ച മുന്നറിയിപ്പിൻ്റെ ആശങ്കയിലാണ് എവരും.നഗരസഭ പരിധിയിൽ മുനിസിപ്പൽ ഓഫീസ് പരിസരം, പാർക്ക് വ്യൂ റോഡ്, പേഷ്ക്കാർ റോഡ്,ചാലാംപാടം, പെരുവല്ലിപ്പാടം, പൂച്ചക്കുളം, കൊരുമ്പിശ്ശേരി എന്നിവടങ്ങളില്ലൊം വെള്ളക്കെട്ടിലായി.പെരുവല്ലിപ്പാടത്ത് നേരത്തെ അധികൃതർ മുറിച്ച മരം തോട്ടിൽ വീണ് കിടന്നത് മൂലം വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെട്ട് പരിസരത്തെ പത്തോളം വീടുകളിൽ വെള്ളം കയറി. നാട്ടുകാരുടെ നേത്യത്വത്തിൽ മരം ഉച്ചയോടെ നീക്കം ചെയ്യുകയായിരുന്നു.വാർഡ് 39 ൽ കല്ലട ബസ് സ്റ്റോപ്പ് പരിസരത്ത് പുത്തൂര് വീട്ടിൽ രമേശിൻ്റെ വീടിൻ്റെ പുറകിലുള്ള എഴ് അടി ഉണ്ടായിരുന്ന മതിൽ വീണ് വീട് അപകട ഭീഷണിയിലായി. ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. വീട്ടുകാർ ബന്ധുവീട്ടിലേക്ക് മാറിയിട്ടുണ്ട്. വാർഡ് 13 ൽ ആസാദ് റോഡിൽ വേളാങ്കണ്ണി നഗറിലെ നാല് വീടുകളും സമാനമായ രീതിയിൽ മതിൽ വീണതിനെ തുടർന്ന് അപകട ഭീഷണിയിലായി. ഇവിടെയുള്ളവരും ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കരുവന്നൂർ പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് തീരത്തുള്ളവർക്കായി കരുവന്നൂർ പ്രിയദർശിനി കമ്യൂണിറ്റി ഹാളിൽ ക്യാമ്പ് ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നഗരസഭ അധികൃതർ പൂർത്തീകരിച്ചിട്ടുണ്ട്.

കാറളം പഞ്ചായത്തിൽ കനത്ത മഴയിൽ കിഴുത്താണി അരണിക്കൽ വീട്ടിൽ അനിൽകുമാർ, കിഴുത്താണി പണിയത്ത് വീട്ടിൽ ലോഹിതാക്ഷൻ എന്നിവരുടെ കിണറുകൾ ഇടിഞ്ഞു.പഞ്ചായത്തിൽ വെള്ളാനി ഗുരുദേവ സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ഒരു കുടുംബത്തിൽ നിന്നായി അഞ്ച് പേർ എത്തിയിട്ടുണ്ട്.

 

ആളൂര്‍ പഞ്ചായത്തില്‍ വെള്ളാഞ്ചിറ പ്രദേശത്തെ നാല് വീടുകളിലേക്ക് വെള്ളം കയറി. ഈ വീട്ടുകാർ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി താമസമാക്കിയിട്ടുണ്ട്. വെള്ളാഞ്ചിറ ഫാത്തിമമാത സ്‌കൂളിലും തിരുത്തിപറമ്പിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചീട്ടുണ്ട്.

മുരിയാട് പഞ്ചായത്തില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. പുല്ലൂര്‍ എസ്എന്‍ബിഎസ് സമാജം എല്‍പി സ്‌കൂളിലും മുരിയാട് എഎല്‍പി സ്‌കൂളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

 

വേളൂക്കര പഞ്ചായത്തില്‍ തുമ്പൂര്‍ വൈക്കിലിച്ചിറ പ്രദേശത്തെ നാലു വീടുകളിലേക്ക് വെള്ളം കയറി. ഇവരെ മാറ്റി താമസിപ്പിച്ചു. തുമ്പൂര്‍ എല്‍പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചീട്ടുണ്ട്. ഒരു കുടുംബമാണ് ക്യാമ്പില്‍ കഴിയുന്നത്.

 

പൂമംഗലം പഞ്ചായത്തില്‍ ചേലൂര്‍ തേമാലിത്തറ, എടക്കുളം പെരുംന്തോട്, എന്നിവടങ്ങളിലാണ് വെള്ളക്കെട്ടുള്ളത്. എടക്കുളം എസ്എല്‍ യുപി സ്‌കൂളില്‍ ദുരിതാശ്വസ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

പടിയൂർ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വീട്ടുകാർ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. എച്ച്ഡിപി സ്കൂളിലും ഡോൺബോസ്കോ സ്കൂളിലും ക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കങ്ങൾ പഞ്ചായത്ത് പൂർത്തീകരിച്ചിട്ടുണ്ട്.

കാട്ടൂർ പഞ്ചായത്തിൽ പൊഞ്ഞനം, മതിരപ്പിള്ളി, റോസ് കോളേജ് പരിസരം എന്നിവടങ്ങളിലെ വീടുകളിൽ വെള്ളം കയറി. കരാഞ്ചിറ സ്കൂളിൽ ക്യാമ്പ് ആരംഭിക്കാൻ ഉള്ള തയ്യാറെടുപ്പുകൾ പഞ്ചായത്ത് അധിക്യതർ നടത്തിക്കഴിഞ്ഞിട്ടുണ്ട്.

Please follow and like us: