കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മരണമടഞ്ഞ ഫിലോമിനയുടെ വീട് സന്ദർശിച്ചും രോഗബാധിതരായ ജോസഫിൻ്റെ കുടുംബത്തിന് സഹായം നല്കിയും സുരേഷ്ഗോപി; വിഷയം അമിത് ഷായുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും ദുരിതബാധിതർക്ക് നിയമ സഹായം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും സുരേഷ് ഗോപി…
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് ചികിൽസക്ക് പണം ലഭിക്കാതെ മരണമടഞ്ഞ ഫിലോമിനയുടെ വീട് നടനും മുൻ എംപിയുമായ സുരേഷ് ഗോപി സന്ദർശിച്ചു. ബാങ്കിൽ നിന്ന് നേരിട്ട അവഗണന ഫിലോമിനയുടെ ഭർത്താവ് ദേവസ്സി സുരേഷ് ഗോപിയോട് വിവരിച്ചു.ബാങ്കിനെ തകർക്കാൻ താൻ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും സമരത്തിനായി ആരെയും വിളിച്ച് വരുത്തിയിട്ടില്ലെന്നും മരണത്തിന് ശേഷമാണ് രണ്ട് ലക്ഷം എത്തിച്ചതെന്നും ബാങ്കിന് 25 കോടി രൂപ കിട്ടിയാൽ തനിക്ക് മുൻഗണന തരാമെന്നാണ് പറയുന്നതെന്നും ദേവസ്സി വിശദീകരിച്ചു. തുടർന്ന് ബാങ്കിൽ നിക്ഷേപമുണ്ടായിട്ടും അസുഖമുള്ള മക്കൾക്കടക്കം ചികിത്സക്ക് പണമില്ലാതെ കടുത്ത ദുരിതമനുഭവിക്കുന്ന ജോസഫേട്ടന്റെയും വീട് സുരേഷ് ഗോപി സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഒരു ലക്ഷം രൂപയുടെ ചികിത്സാസഹായം നൽകി. ദുരിതബാധിതരുടെയും അധിക്യതരുടെയും വാക്കുകൾ താൻ കേട്ടു. അധികൃതർ പറയുന്നത് നുണയാണെന്നാണ് നിക്ഷേപകർ പറയുന്നത്. താൻ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാണ് വന്നത്. എന്തായാലും വിഷയം അമിത് ഷായുടെയും കേന്ദ്ര സർക്കാരിൻ്റെയും ശ്രദ്ധയിൽ കൊണ്ട് വരും. ഇവർക്ക് നിയമ സഹായം ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പ് നല്കി.
ബിജെപി ജില്ല പ്രസിഡണ്ട് അഡ്വ കെ കെ അനീഷ് കുമാർ, മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, ജില്ല വൈസ് പ്രസിഡണ്ട് കവിത ബിജു, ജില്ല സെക്രട്ടറി എൻ ആർ റോഷൻ, മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, മണ്ഡലം ഭാരവാഹികളായ സുനിൽ തളിയപറമ്പിൽ,സണ്ണി കവലക്കാട്ട്, ആർച്ച അനീഷ്കുമാർ, ടി കെ ഷാജു,പൊറത്തിശ്ശേരി, ടൗൺ ജനറൽ സെക്രട്ടറിമാരായ സന്തോഷ് കാര്യാടൻ, ബൈജു കൃഷ്ണദാസ്, മണ്ഡലം കമ്മറ്റിയംഗം വി സി രമേഷ്,കൗൺസിലർ സരിത സുഭാഷ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.