മരണപ്പെട്ട ഫിലോമിനയുടെ വീട് സന്ദര്‍ശിച്ച് മന്ത്രി ഡോ ആർ ബിന്ദു;ബാങ്കിന് പണം ലഭിക്കുമ്പോൾ ഫിലോമിനയുടെ കുടുംബത്തിന് മുൻഗണനയെന്ന് ഉറപ്പ് നല്കി മന്ത്രി…
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ നിന്നും ചികിത്സക്കു പണം കിട്ടാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തെ മന്ത്രി ആര്. ബിന്ദു സന്ദര്‍ശിച്ചു. ഇന്ന് വൈകീട്ട് 5.15 ഓടെയാണ് മന്ത്രി ഫിലോമിനയുടെ കുടുംബാംഗങ്ങളെ കാണാന്‍ എത്തിയത്. മൃതദേഹം ബാങ്കിനു മുന്നില്‍ വച്ചതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ അന്ന് ചില പ്രതികരണങ്ങള്‍ മന്ത്രി ആര്. ബിന്ദു നടത്തിയിരുന്നു. മാത്രമല്ല ആവശ്യത്തിനു പണം നല്‍കിയിട്ടുണ്ട് എന്നതടക്കമുള്ള കാര്യങ്ങളും പറഞ്ഞിരുന്നു. അത്തരത്തില്‍ ഒരു സംഭവമില്ല എന്ന തരത്തില്‍ കുടുംബാംഗങ്ങളും വ്യക്തമാക്കിയിരുന്നു. അരമണിക്കൂര്‍ നേരം മന്ത്രി കുടുംബാംഗങ്ങളുമായി ചെലവഴിച്ചു. രാഷ്ട്രീയ ഇടപെടലിന്റെ പേരില്‍ അല്ല മൃതദേഹം കൊണ്ടുവച്ചതെന്നും പ്രതിഷേധിച്ചതെന്നും ഫിലോമിനയുടെ ഭര്‍ത്താവ് ദേവസി പറഞ്ഞു. ബാങ്ക് മുഖേനയാണ് തനിക്ക് ഇത്രയും നാശനഷ്ടങ്ങള്‍ സംഭവിച്ചത്. അതിനൊരു പാഠം വേണമെന്ന നിലയ്ക്ക് താന്‍ തന്നെ ചെയ്തതാണെന്നും ദേവസി കൂട്ടിച്ചേര്‍ത്തു. നിക്ഷേപം തിരികെ കിട്ടുന്നത് സംബന്ധിച്ച് ഉറപ്പു നല്‍കിയിട്ടില്ല. ബാങ്കിന് പണം ലഭിക്കുമ്പോള്‍ മുന്‍ഗണന നല്‍കാമെന്നും മന്ത്രി അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.