കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മന്ത്രി ഡോ. ആര്. ബിന്ദു മരണപ്പെട്ട ഫിലോമിനയുടെ കുടുംബത്തോടു മാപ്പു പറയണമെന്നും കരുവന്നൂര്‍ ബാങ്ക് അന്വേഷണം സിബിഐ യെ ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്; രാഷ്ട്രീയ പിൻബലമില്ലാതെ കരുവന്നൂരിലെ പകൽകൊള്ള നടക്കില്ലെന്ന് വി എം സുധീരൻ..
ഇരിങ്ങാലക്കുട: മന്ത്രി ഡോ. ആര്. ബിന്ദു മരണപ്പെട്ട ഫിലോമിനയുടെ കുടുംബത്തോടു മാപ്പു പറയണമെന്നും കരുവന്നൂര്‍ ബാങ്ക് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മരണപ്പെട്ട ഫിലോമിനയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയെ ചികിത്സിക്കാന്‍ പണം കിട്ടുന്നില്ല. പണം കിട്ടാതെ മരണപ്പെട്ടതിലുള്ള സങ്കടവും പ്രതിഷേധവുമാണ് ഒരു മനുഷ്യനെന്ന നിലയില്‍ ഭര്‍ത്താവായ ദേവസി പ്രകടിപ്പിച്ചത്. ഇക്കാര്യത്തില്‍ വലിയ അസ്വസ്ഥത മന്ത്രിമാരായിരിക്കുന്നവര്‍ കാണിക്കുന്നത് ശരിയല്ല. മന്ത്രി ഈ കുടുംബത്തോടു മാപ്പു പറയണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. മന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണ് നൂറുകോടി രൂപ എന്നു പറയുന്നത്. വാസ്തവത്തില്‍ അതിനേക്കാള്‍ കൂടുതല്‍ തുക ഇവിടത്തെ ജനങ്ങളെ കബളിപ്പിച്ചിട്ടുണ്ട്. ഇത്രയും വലിയ തുക ഇവിടെ നിന്ന് എടുത്തതിന്റെ പുറകില്‍ വേറെ ആളുകളുണ്ട് എന്ന് പ്രതികളും അവരുടെ ബന്ധുക്കളും പറയുന്നുണ്ട്. സിബിഐ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടായാല്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം പുറത്തുകൊണ്ടുവരാന്‍ കഴിയും. ഇക്കാര്യം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടെ ആര്‍ക്കാണ് 38 കോടി രൂപ കൊടുത്തിട്ടുള്ളത്. ആര്‍ക്കാണ് 38 കോടി രൂപ കൊടുത്തിട്ടുള്ളതെന്നതിന്റെ കൃത്യമായ ലിസ്റ്റ് ബാങ്ക് പ്രസിദ്ധീകരിക്കണം. അപ്പോള്‍ ഒരുപാട് കള്ളത്തരങ്ങള്‍ കൂടി ചുരുളഴിയും. പലരുടെയും ബ്ലാക്ക്മണി കൂടി ഈ ബാങ്കില്‍ കിടക്കുന്നുണ്ട്. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും ഈ പണം കിട്ടിയിട്ടില്ല. മുഖ്യമന്ത്രിക്ക് ഒരു കത്ത് കൊടുത്തിട്ടുണ്ട്. ആ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത് ഡെപ്പോസിറ്റി ഗ്യാരണ്ടി സ്കീം എന്നതില്‍ രണ്ടു ലക്ഷംരൂപ എന്ന പരിധി എടുത്തുകളയണമെന്നാണ്.മാത്രമല്ല ലിക്വിഡേഷന് സ്റ്റേജിലല്ല അതു കൊടുക്കേണ്ടത്. നിക്ഷേപകന് പണം നഷ്ടപ്പെട്ടുകഴിഞ്ഞാല് ആ പണം നിക്ഷേപകന് തിരിച്ചുകിട്ടുമെന്നുള്ള ഗ്യാരണ്ടി പറയണം. ഇല്ലെങ്കില്‍ സഹകരണ ബാങ്കുകളെ കുറിച്ചുള്ള വിശ്വാസ്യത പോകുകയും ആളുകള്‍ അതില്‍ നിന്ന് പണം പിന്‍വലിക്കുകയും ബാങ്കുകള്‍ തകരുകയും ചെയ്യും. അതു നമ്മുടെ ഗ്രാമീണസമ്പദ് വ്യവസ്ഥക്ക് ഗുരുതരമായ പ്രശ്നമുണ്ടാക്കും. മാത്രമല്ല, ഇപ്പോള്‍ ഇവിടെ വന്നത് വലിയ ആരോപണങ്ങളാണ്. 25 കോടി രൂപയുടെ പാക്കേജ് കൊണ്ട് ഇവിടെ ഒന്നുമാവുന്നില്ല. കരുവന്നൂര്‍ ബാങ്കിന്റെ വിഷയം മാത്രം തീര്‍ത്താല്‍ പോര. പല ബാങ്കുകളിലും ഇതുപോലുള്ള പ്രശ്നങ്ങളുണ്ട്. എല്ലാ ബാങ്കുകളിലെ നിക്ഷേപകരും ഒരുപോലെയാണ്. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ്, ജില്ലാ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
നേരത്തെ സീനിയർ കോൺഗ്രസ്സ് നേതാവ് വി എം സുധീരനും ഫിലോമിനയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. പണം തട്ടിയെടുത്തവരുടെ വസ്തുവകകൾ കണ്ടുകെട്ടണമെന്നും രാഷ്ട്രീയ പിൻബലമില്ലാതെ പകൽകൊള്ള നടത്താൻ സാധിക്കില്ലെന്നും സുധീരൻ പറഞ്ഞു. മരണമടഞ്ഞ ഫിലോമിനയുടെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്ക് ചേരാതെ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച ബാങ്ക് അധികൃതരും ന്യായീകരിച്ച മന്ത്രിയും മാപ്പ് പറയണമെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു.