കരുവന്നൂര്‍ തട്ടിപ്പില്‍ കൂടുതല്‍ ഇരകള്‍; കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണമോ പലിശയോ നല്‍കുന്നില്ലെന്ന പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്; മുന്‍ ബാങ്ക് മാനേജര്‍ പൊറിഞ്ചുവും ഭാര്യയും നിക്ഷേപിച്ചത് 40 ലക്ഷം, ചികിത്സ നടത്തിയത് കടം വാങ്ങി…

കരുവന്നൂര്‍ തട്ടിപ്പില്‍ കൂടുതല്‍ ഇരകള്‍; കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണമോ പലിശയോ നല്‍കുന്നില്ലെന്ന പരാതിയുമായി കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത്;
മുന്‍ ബാങ്ക് മാനേജര്‍ പൊറിഞ്ചുവും ഭാര്യയും നിക്ഷേപിച്ചത് 40 ലക്ഷം, ചികിത്സ നടത്തിയത് കടം വാങ്ങി…

ഇരിങ്ങാലക്കുട: കരുവന്നൂര്‍ തേലപ്പിള്ളി സ്വദേശി പെരുമ്പുള്ളി വീട്ടില്‍ പൊറിഞ്ചുവും ഭാര്യ ബേബിയും നിക്ഷേപിച്ചത് 40 ലക്ഷം രൂപ. ബാങ്കിൽ നടന്ന  തട്ടിപ്പിനെ തുടർന്ന് ഇവര്‍ക്കും പണം തിരികെ കിട്ടിയില്ല. കരുവന്നൂര്‍, മാപ്രാണം ശാഖകളിലാണ് പണം നിക്ഷേപിച്ചത്. ഹൃദ്‌രോഗിയാണ് പൊറിഞ്ചു. ജൂണ്‍ ഒന്നിനും അഞ്ചിനുമായി രണ്ടു സര്‍ജറിയാണ് വേണ്ടി വന്നത്. കാത്തലിക് സിറിയന്‍ ബാങ്ക് മുന്‍ മാനേജരായാണ് പൊറിഞ്ചു വിരമിച്ചത്. ചികിത്സയ്ക്ക് പോലും പണം നല്‍കുന്നില്ല. ആശുപത്രി ബില്‍ തുക നാലു ലക്ഷത്തിലധികം രൂപ ആവശ്യം വന്നു. ഇതിന് അപേക്ഷ നല്‍കിയെങ്കിലും പണം നല്‍കിയില്ല. പണം ചോദിക്കുമ്പോള്‍ ബാങ്ക് അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് പൊറിഞ്ചു വേദനയോടെ പറയുന്നു. ശസ്ത്രക്രിയക്കും ആശുപത്രി ചികിത്സക്കുമായി വലിയൊരു തുകയാണ് ചിലവായത്.പലരില്‍ നിന്നായി കടം വാങ്ങിയാണ് ആശുപത്രിയിലെ പണം അടച്ച് വീട്ടിലേക്കു വന്നത്. വീട്ടില്‍ വിശ്രമിക്കുമ്പോള്‍ കടം വാങ്ങിയ പണം ചോദിച്ച് ആളുകളുടെ വരവായി. ചേട്ടന് ആവശ്യം വന്നപ്പോള്‍ തന്ന് സഹായിച്ച പണം തിരികെ തരണമെന്നാണ് അവര്‍ പറയുന്നത്. നിക്ഷേപ തുക തന്നില്ലെങ്കിലും സേവിംഗ് എക്കൗണ്ടിലുള്ള തുകയെങ്കിലും  ബാങ്കില്‍ നിന്നും കിട്ടിയാല്‍ ഏറെ ആശ്വാസമായേനേ. എന്റെ പണം ബാങ്ക് തന്നാല്‍ എനിക്ക് കടം വാങ്ങിയ പണം തിരികെ നല്‍കാമായിരുന്നുവെന്നും വേദനയോടെ പൊറിഞ്ചു പറയുന്നു.കാല്‍ നഷ്ടപ്പെട്ട  മാപ്രാണം സ്വദേശി ഷിജുവിന്റെ നഷ്ടപരിഹാര തുക ബാങ്കില്‍; ഉപജീവനത്തിനായി ലോട്ടറി വില്‍പന;കൃത്രിമ കാല്‍ റിപ്പയര്‍ ചെയ്യുവാന്‍ പോലും പണമില്ലാതെ അവസ്ഥയിൽ ഷിജു..

കാല്‍ നഷ്ടപ്പെട്ട  മാപ്രാണം സ്വദേശി ഷിജുവിന്റെ നഷ്ടപരിഹാര തുക ബാങ്കില്‍; ഉപജീവനത്തിനായി ലോട്ടറി വില്‍പന;കൃത്രിമ കാല്‍ റിപ്പയര്‍ ചെയ്യുവാന്‍ പോലും പണമില്ലാതെ അവസ്ഥയിൽ ഷിജു..

ഇരിങ്ങാലക്കുട: ജോലിക്കിടയില്‍ വിദേശത്തുവച്ചുണ്ടായ അപകടത്തില്‍ മുറിച്ചു മാറ്റപ്പെട്ടതാണ് മാപ്രാണം സ്വദേശി ഷിജുവെന്ന ചെറുപ്പക്കാരന്റെ വലതു കാല്‍. ക്രെയിന്‍ ഓപ്പറേറ്റര്‍ ജോലി ചെയ്യവേ 2016 ഫെബ്രുവരി 20 നാണ് അപകടം നടന്നത്. ക്രെയിന്‍ റോപ്പ് പൊട്ടി 10 ടണ്‍ ഭാരമുള്ള ബാരല്‍ കാലില്‍ വീഴുകയായിരുന്നു. ഇതേ തുടര്‍ന്ന് കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. ചികിത്സയെല്ലാം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് കൃത്രിമകാല്‍ ഘടിപ്പിച്ച ശേഷം ഷിജു നാട്ടിലെത്തിയത്. കമ്പനിയില്‍ നിന്നും നഷ്ടപരിഹാരമായി ലഭിച്ച തുക കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. ബാങ്കിലെ തട്ടിപ്പ് പുറത്തായതോടെ പലിശ പോലും ലഭിക്കാത്ത അവസ്ഥയായി. വൃദ്ധയായ മാതാവും ഭാര്യയും ഏക മകനും അടങ്ങുന്ന കുടുംബം മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയിലായി. ഇതോടെ കുടുംബ ചെലവിനായി ലോട്ടറി വില്‍പന ആരംഭിച്ചു. ഇപ്പോള്‍ അതിനും പറ്റാത്ത അവസ്ഥ. കുടുംബം പുലര്‍ത്താന്‍ വിദേശത്തേക്ക് ഭാര്യക്ക് വിസ വന്നെങ്കിലും ആറു ലക്ഷം രൂപ വേണ്ടി വന്നു. ബാങ്കില്‍ വന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ ഒന്നും ലഭിക്കില്ലെന്നായിരുന്നു ആദ്യ മറുപടി. അമ്പതിനായിരം രൂപ നല്‍കിയെങ്കിലും ബാക്കി തുക പലരില്‍ നിന്നും കടം വാങ്ങിയും സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും ബന്ധുക്കളുടെ സ്വര്‍ണാഭരണങ്ങള്‍ ഈടു നല്കി ലോണ്‍ എടുത്താണ് ഭാര്യ ഈ മാസം വിദേശത്തേക്കു പോയത്. രണ്ടു ദിവസം മുമ്പാണ് ഭാര്യ ജോലിയില്‍ പ്രവേശിച്ചത്. ഇതിനിടയില്‍ തന്റെ കൃത്രിമകാലിനു ചെറിയ തകരാറ് സംഭവിച്ചു. കയ്യില്‍ പണമില്ലാത്തതിനാല്‍ സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍ പോയി കൃത്രിമകാല്‍ വെല്‍ഡ് ചെയ്തിരിക്കുകയാണിപ്പോള്‍. റിപ്പയര്‍ ചെയ്യണമെങ്കില്‍ ഒന്നേകാല്‍ ലക്ഷം രൂപ വേണ്ടി വരും. ഭാര്യയുടെ ശമ്പളം ലഭിച്ചാല്‍ ആദ്യം തന്റെ കൃത്രിമ കാല്‍ റിപ്പയര്‍ ചെയ്യണം എന്നുള്ളതാണ് തന്റെ ആഗ്രഹമെന്ന് ഷിജു പറഞ്ഞു. ബാങ്ക് ലോണും മറ്റു കടങ്ങളുമായി ജീവിതം മുന്നോട്ടു പോകുവാന്‍ പറ്റാത്ത അവസ്ഥയിലാണ് കരുവന്നൂര്‍ ബാങ്കില്‍ 15 ലക്ഷം നിക്ഷേപമുള്ള ഷിജു. അമ്മ മേരിക്ക് കരുവന്നൂര്‍ ഓട്ടു കമ്പനിയിലായിരുന്നു ജോലി. അവിടെനിന്നു വിരമിക്കുമ്പോള്‍ കിട്ടിയ ഒന്നേമുക്കാല്‍ ലക്ഷം രൂപയും കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപമുണ്ട്. ബാങ്കിലെ നിക്ഷേപ തുക ലഭിക്കുകയാണെങ്കില്‍ കടങ്ങളും ലോണും അവസാനിപ്പിക്കാമെന്നാണ് ഷിജു പറയുന്നത്.

Please follow and like us: