ഷോളയാര്‍ ട്രൈബല്‍ സൊസൈറ്റി പുനരുജ്ജീവനത്തിന് നടപടി; എംഎല്‍എയും ജില്ലാ കലക്ടറും ട്രൈബല്‍ കോളനി സന്ദര്‍ശിച്ചു..

ഷോളയാര്‍ ട്രൈബല്‍ സൊസൈറ്റി പുനരുജ്ജീവനത്തിന് നടപടി;
എംഎല്‍എയും ജില്ലാ കലക്ടറും ട്രൈബല്‍ കോളനി സന്ദര്‍ശിച്ചു..

ചാലക്കുടി:ഷോളയാര്‍ പട്ടികവര്‍ഗ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് സനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഷോളയാറിലെ സൊസൈറ്റിയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മലക്കപ്പാറ പ്രദേശത്തിന്റെ ടൂറിസം സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തി സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
സൊസൈറ്റിക്ക് കീഴില്‍ നേരത്തേ പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ നിലച്ചുപോയതുമായ തേന്‍ വില്‍പന കേന്ദ്രം, ഏലം, കാപ്പി, കുരുമുളക് സംഭരണ- സംസ്‌ക്കരണ കേന്ദ്രം, താമസത്തിനായുള്ള കെട്ടിടം തുടങ്ങിയ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അതിരപ്പിള്ളി ട്രൈബല്‍ വാലി പ്രൊജക്ട് ഉല്‍പന്നങ്ങളുടെ ബ്രാന്‍ഡിംഗ് സംബന്ധിച്ച കാര്യങ്ങളുടെ പുരോഗതിയും സന്ദര്‍ശനത്തിനിടെ വിലയിരുത്തി. സൊസൈറ്റിക്ക് കീഴിലെ കുറച്ച് പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ കാപ്പി കൃഷി ചെയ്യുന്നത്. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് കൂടുതല്‍ വരുമാനദായകമായ പദ്ധതികള്‍ ആലോചിച്ച് നടപ്പിലാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
71 കുടുംബങ്ങള്‍ താമസിക്കുന്ന പെരുമ്പാറ ട്രൈബല്‍ കോളനിയും എംഎല്‍എയും കലക്ടറും സന്ദര്‍ശിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് മാറ്റി പാര്‍പ്പിക്കപ്പെട്ട വീരന്‍കൂടി കോളനി നിവാസികള്‍ കഴിയുന്ന മലക്കപ്പാറയിലെ പുനരധിവാസ ക്യാമ്പും ഇരുവരും സന്ദര്‍ശിച്ചു. അതിരപ്പിള്ളി പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളിലാണ് കുടുംബങ്ങള്‍ നിലവില്‍ കഴിയുന്നത്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി സുരക്ഷിതമായ സ്ഥലങ്ങള്‍ കണ്ടെത്തി വീടുകള്‍ വച്ചു നല്‍കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇരിങ്ങാലക്കുട ആര്‍ഡിഒ എച്ച് ഹരീഷ്, തൃശൂര്‍ ആര്‍ഡിഒ പി എ വിഭൂഷണന്‍, അതിരപ്പിള്ളി ട്രൈബല്‍വാലി പ്രൊജക്ട് നോഡല്‍ ഓഫീസര്‍ എസ് എസ് ശാലുമോന്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എം ഷമീമ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Please follow and like us: