കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പ്;ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു; ചികിൽസയ്ക്കായി നിക്ഷേപതുക നൽകാഞ്ഞതിൽ ബാങ്കിനു മുന്നില്‍ മൃതദേഹവുമായി കോണ്‍ഗ്രസ്, ബിജെപി പ്രതിഷേധം; റോഡ് ഉപരോധിച്ചു, മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു ..
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകയായ വീട്ടമ്മ വിദഗ്ധ ചികിത്സക്കായി പണം ലഭിക്കാതെ മരിച്ചു. മാപ്രാണം ഏറാട്ടുപറമ്പില്‍ ദേവസി ഭാര്യ ഫിലോമിന (70) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30യോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് മരണം സംഭവിച്ചത്. കഴിഞ്ഞ മാസം 27 നാണ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ പഴുപ്പ് വന്നതിനെ തുടര്‍ന്ന് ഓപ്പറേഷന് വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. 30 ലക്ഷം രൂപയാണ് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നത്. ചികിത്സക്കായി പല തവണ പണം ആവശ്യപ്പെട്ടിട്ടും ബാങ്കധികൃതര്‍ ഒന്നും നല്‍കിയില്ലെന്നും മോശമായ പെരുമാറ്റമായിരുന്നുവെന്നും ഭര്‍ത്താവ് ദേവസി പറഞ്ഞു. ഇപ്പോള്‍ പണം നല്കാന് കഴിയില്ലെന്നും പണം കിട്ടുമ്പോള്‍ തരാമെന്നുമായിരുന്നു ബാങ്ക് ഉദ്യോഗസ്ഥരുടെ മറുപടി. തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ നഴ്സിംഗ് അസിസ്റ്റന്റായാണ് ഫിലോമിന വിരമിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചതിനു പിന്നാലെ പെന്ഷന് തുക ഉള്‍പ്പെടെ കരുവന്നൂര്‍ ബാങ്കിലാണ് നിക്ഷേപിച്ചത്. അധ്വാനിച്ചുണ്ടാക്കിയ പണം അടിയന്തിരാവശ്യത്തിന് പിന്‍വലിക്കാന്‍ പോയിട്ടും അധികൃതരില്‍ നിന്നും ഒരു നടപടിയും ഉണ്ടായില്ല. ഏറെ നാളായി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഈ കുടുംബം. 40 വര്‍ഷമായി മാപ്രാണം ജംഗ്ഷനിലെ ഓട്ടോ ഡ്രൈവറാണ് ഭര്‍ത്താവ് ദേവസി. ഏക മകന് ഡിനോയുടെ കാലിന്റെ ലിഗ്മെന്റ് പൊട്ടി സര്‍ജറി കഴിഞ്ഞിരിക്കുകയാണ്. ബാങ്കിലെ നിക്ഷേപതുകയുടെ പലിശയായിരുന്നു ഇവരുടെ ആശ്രയം. ഒന്നര വര്‍ഷമായി അതും ലഭിക്കുന്നില്ല. സംസ്കാരം നാളെ രാവിലെ 11 ന് മാപ്രാണം ഹോളിക്രോസ് ദേവാലയത്തില്‍ നടക്കും.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ആംബുലന്‍സില്‍ മൃതദേഹവുമായി കുടുംബാംഗങ്ങള്‍ കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ എത്തിച്ചേര്‍ന്നു. ഫിലോമിനയുടെ മരണ വിവരമറിഞ്ഞ് കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധ സമരങ്ങള്‍ ബാങ്കിനു മുന്നില്‍ ആരംഭിച്ചിരുന്നു. മൃതദേഹം വഹിച്ചിരുന്ന ആംബുലന്‍സ് ബാങ്കിനു മുന്നില്‍ എത്തിയതോടെ മൃതദേഹം ബാങ്കിനു മുന്നില്‍ ഇറക്കിവച്ചു. ഭര്‍ത്താവ് ദേവസിയും മകന് ഡിനോയും മൃതദേഹത്തിനരികില്‍ നിന്ന് വിങ്ങിപ്പൊട്ടുകയായിരുന്നു. ഇത്തിരി പണം ചോദിച്ചപ്പോള്‍ തരുമായിരുന്നുവെങ്കില് തന്റെ ഭാര്യ മരിക്കില്ലായിരുന്നുവെന്ന് ദേവസി രോഷത്തോടെ പറഞ്ഞു. ഭാര്യയുടെ മരണത്തിന്റെ ഉത്തരവാദി ബാങ്കധികൃതാരാണ്. ഇനിയൊരു ജീവന് പൊലിയാന്‍ ഇടയാകരുത്, ഇക്കാര്യത്തില്‍ ബാങ്കധികൃതര്‍ ഉറപ്പുതരണമെന്നും അല്ലാത്ത പക്ഷം മൃതദേഹം ഇവിടെ നിന്നും കൊണ്ടു പോകില്ലെന്നും ദേവസി പറഞ്ഞു. ബാങ്കധികൃതര്‍ മൃതദേഹത്തിനരികില്‍ വരുവാനോ ബന്ധുക്കളെ ആശ്വസിപ്പിക്കുവാനോ തയാറായിരുന്നില്ല. ഇതോടെ ഏറെ നേരം മുദ്രാവാക്യം വിളികളുമായി നിന്ന കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍, ബിജെപി സംസ്ഥാന സെക്രട്ടറി എ. നാഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. ഇവര്‍ക്കൊപ്പം ഫിലോമിനയുടെ ഭര്‍ത്താവ് ദേവസിയും ബന്ധുക്കളും റോഡ് ഉപരോധത്തില്‍ പങ്കുചേര്‍ന്നു. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചാലക്കുടി ഡിവൈഎസ്പി പി.ആര്. സന്തോഷ്, സിഐ അനീഷ് കരീം, എസ്ഐ എം.എസ്. ഷാജന് എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹമാണ് ഇവിടെ നിലയുറപ്പിച്ചിരുന്നത്. പ്രതിഷേധക്കാരെ ഇവിടെ നിന്നും മാറ്റാന്‍ പോലീസുകാര്‍ ശ്രമിച്ചുവെങ്കിലും പ്രതിഷേധം ശക്തമായി തുടരുകയായിരുന്നു. ഇരിങ്ങാലക്കുട ആര്‍ഡിഓ എം.എച്ച്. ഹരീഷ് സംഭവസ്ഥലത്തെത്തി പ്രതിഷേധക്കാരും ബന്ധുക്കളുമായി ചര്‍ച്ച നടത്തി. മരണാനന്തര ചടങ്ങുകളുടെ ആവശ്യങ്ങള്‍ക്ക് പണം അനുവദിക്കാതെ സമരത്തില്‍ നിന്നും പിന്മാറില്ലന്നു പ്രതിഷേധക്കാര്‍ അറിയിച്ചു. ഇക്കാര്യം ബാങ്കധികൃതരുമായി ചര്‍ച്ച നടത്തി ധാരണയിലെത്താമെന്ന് അറിയിച്ചതോടെ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, കൗണ്‍സിലര്‍മാരായ എം.ആര്. ഷാജു, സുജ സജീവ് കുമാര്‍, കോണ്‍ഗ്രസ് നേതാക്കളായ കെ.കെ. അബ്ദുള്ള കുട്ടി, പി.എന്‍. സുരേഷ്, കെ.സി. ജെയിംസ്, സന്തോഷ് വില്ലടം, വിബിന് വെള്ളയത്ത്, സതീഷ് വിമലന്, കെ.എഫ്. ഡൊമനിക് എന്നിവര്‍ നേതൃത്വം നല്കി. ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ് കുറുമാത്ത്, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം.വി. സുരേഷ്, മണ്ഡലം സെക്രട്ടറിമാരായ ഷാജുട്ടന്‍, ആര്‍ച്ച അനീഷ് കുമാര്‍, കൗണ്‍സിലര്‍മാരായ മായ അജയന്, സരിത സുഭാഷ്, ടൗണ്‍, പൊറത്തിശേരി ജനറല്‍ സെക്രട്ടറിമാരായ സന്തോഷ് കാര്യാടന്‍, ബൈജു കൃഷ്ണദാസ്, വിന്‍സെന്റ് കണ്ടംകുളത്തി, ഷിയാസ് പാളയംകോട്ട് എന്നിവര്‍ നേതൃത്വം നല്കി.