ശുചിത്വ സാഗരം സുന്ദര തീരം : ജില്ലാതല ഉദ്ഘാടനം കൊടുങ്ങല്ലൂരിൽ ആഗസ്റ്റ് 1 ന്…
തൃശ്ശൂർ:കടലും കടലോരവും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “ശുചിത്വ സാഗരം സുന്ദര തീരം” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന കോർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ
രാവിലെ 10ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ.ബിന്ദു നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി വിവിധ കലാരൂപങ്ങളുടെ പ്രദർശനം, റോഡ് ഷോ, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി പരിപാടി സംഘടിപ്പിക്കുന്ന ഏറിയാട് ഗ്രാമപഞ്ചായത്തിൽ ആലോചനയോഗം ചേരും.
കടലും തീരപ്രദേശവും പ്ലാസ്റ്റിക് വിമുക്തമാക്കുന്ന ജനകീയ പദ്ധതിയാണ് ശുചിത്വ സാഗരം സുന്ദരതീരം.പൊതുജന ബോധവൽക്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണവും സംസ്കരണവും, തുടർ ക്യാമ്പയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന യോഗത്തിൽ ഫിഷറീസ് ഹെഡ് ഡെപ്യൂട്ടി ഡയറക്ടർ ടി ടി ജയന്തി, ഫിഷറീസ് എക്സ്റ്റെൻഷൻ ഓഫീസർ ജോയ്നി ജേക്കബ്, മത്സ്യഫെഡ് മാനേജർ കെ.കെ ബാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.