ചേറ്റുവയിൽ വീണ്ടും വൻ അനധികൃത വിദേശമദ്യവേട്ട; 3600 ലിറ്റർ വിദേശമദ്യവുമായി തിരുവനന്തപുരം, കൊല്ലം സ്വദേശികൾ പിടിയിൽ…
കൊടുങ്ങല്ലൂർ: ഓണം ആഘോഷങ്ങളോടനുബന്ധിച്ചു ചില്ലറവില്പനക്കായി മാഹിയിൽ നിന്നും കൊണ്ടുവന്ന, 50 ലക്ഷം രൂപ വിലമതിക്കുന്ന 3600 ലിറ്റർ അനധികൃത വിദേശ മദ്യവുമായി രണ്ട് യുവാക്കളെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി സിഐ സനീഷ്, എസ് ഐ വിവേക് നാരായണൻ, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ പി സി, ഉദ്യോഗസ്ഥരായ പ്രദീപ് സി ആർ, ഫ്രാൻസിസ് എ പി, സൂരജ് .വി.ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, ജ്യോതിഷ് കുമാർ, അരുൺ നാഥ്, നിഷാന്ത്, ഷിജിത്ത്, അഖിലേഷ്, അനുരാജ്, എന്നിവർ ചേർന്ന പോലീസ് സംഘവും തൃശ്ശൂർ റൂറൽ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.
ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ പ്രത്യേക പോലീസ് സംഘവും വാടാനപ്പിളളി പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതികളായ തിരുവനന്തപുരം കഴക്കൂട്ടം ആറ്റിൻകുഴിയിൽ വിജയമ്മ ടവറിൽ കൃഷ്ണപ്രകാശ് (24),കൊല്ലം കല്ലുവാതക്കൽ നടക്കൽ കൗസ്തുഭം വീട്ടിൽ സജി (51)എന്നിവരെ വിവിധ ബ്രാണ്ടുകളിലുള്ള 3600 ലിറ്റർ അനധികൃത വിദേശമദ്യം വാഹനം സഹിതം വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ചേറ്റുവയിൽ നിന്നും അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്ത് പോലീസ് നടത്തിയ വലിയ അനധികൃത വിദേശമദ്യ വേട്ടകളിൽ ഒന്നാണിത്. 3600 ലിറ്റർമദ്യമാണ് പോലീസ് പിടികൂടിയത്.
പിടികൂടിയ വിദേശമദ്യം ഓണം സീസൺ ലക്ഷ്യമിട്ടാണ് പ്രതികൾ മാഹിയിൽ നിന്നും വിവിധവാഹനങ്ങളിൽ കൊല്ലം, തിരുവനന്തപുരം, എറണാകുളം ജില്ലകളിലേക്ക് ചില്ലറവില്പനക്ക് വേണ്ടി കൊണ്ടുവന്നിരുന്നതെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്.
ഇതിന്റെ ഉറവിടത്തെക്കുറിച്ചും സാമ്പത്തിക സഹായം നൽകുന്നവരെ കുറിച്ചും,പ്രതിയിൽ നിന്നും മദ്യംവാങ്ങി വിൽക്കുന്നവരെയും കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്.