ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് ആദരവ്;പുറമേ നിന്നുള്ള വിദ്യാർഥികളെയും ആകർഷിക്കാനുള്ള പദ്ധതികൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപം നല്കി വരികയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു…
ഇരിങ്ങാലക്കുട: കേരളത്തിന്റെ സംസ്‌കാരത്തെയും സാമൂഹ്യനീതിയിലധിഷ്ഠിതമായ കാഴ്ചപ്പാടുകളെയും ഭാവി തലമുറകൾ ഒരിക്കലും മറക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു.ഇരിങ്ങാലക്കുട മണ്ഡലത്തിലെ മികച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മണ്ഡലംതല വിദ്യാർത്ഥി പ്രതിഭാപുരസ്‌ക്കാര ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡോ. ബിന്ദു.
പുതുതലമുറ കുട്ടികൾ അവരുടെ അഭിരുചിയ്ക്കനുസരിച്ചുള്ള വഴികൾ തേടി വേണം മുന്നോട്ടു പോകാൻ.
ഉന്നത വിദ്യാഭ്യാസത്തിനായി സംസ്ഥാനം വിട്ട് പുറത്തു പോകുന്നതിന് പകരം പുറമെനിന്നുള്ളവരെ കൂടി കേരളത്തിലേക്ക് ആകർഷിക്കുന്ന ബ്രെയിൻ ഗെയ്ൻ രീതിയിൽ ഉന്നതവിദ്യാഭ്യാസ മേഖലയെ സംസ്ഥാന സർക്കാർ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി. ഡോ. ആർ. ബിന്ദു പറഞ്ഞു.
മണ്ഡലത്തിൽ നിന്ന് എസ്എസ്എൽസി – പ്ലസ് ടു – വി എച്ച് എസ് ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസോടെ സുവർണ്ണ വിജയം നേടിയ വിദ്യാർത്ഥി പ്രതിഭകളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയുമാണ് ആദരിച്ചത്.
മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ ഉന്നതവിജയം നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം നൽകിയത്.
കാലടി സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം വി നാരായണൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻ ചാർജ്, ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.